വിവാദത്തില്‍ കുരുങ്ങി ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതി

കല്‍പറ്റ: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഭൂ രഹിതരായ ആദിവാസികള്‍ക്കായി നടപ്പാക്കിയ ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിയില്‍ സ്ഥലമെടുത്തതുമായി ബന്ധപ്പെട്ട് വിവാദം. ഭൂമി വാങ്ങാന്‍ ബന്ധപ്പെട്ട് ഇടനിലക്കാരായിനിന്ന് ആദിവാസി നേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചുള്ള ചാനല്‍ വാര്‍ത്തയാണ് വിവാദത്തിനിടയാക്കിയത്. അഴിമതിയാരോപണം വാസ്തവവിരുദ്ധവും അപകീര്‍ത്തികരവുമാണെന്ന് വിവിധ ആദിവാസി സംഘടനാ നേതാക്കളായ കെ.വി. രാമന്‍, എടക്കല്‍ മോഹനന്‍, ബാബു താഴത്തുവയല്‍, ടി. മണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടന്നിട്ടുണ്ട്. പലര്‍ക്കും ഉപയോഗ ശൂന്യമായ ഭൂമിയാണ് ലഭ്യമാക്കിയത്. ഈ സാഹചര്യത്തിലാണ് മുന്‍ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്‍കൈയെടുത്ത് 2015 ജൂണില്‍ ആദിവാസി സംഘടനാ നേതാക്കളെ ഉള്‍പ്പെടുത്തി പര്‍ച്ചേസിങ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. കണ്ടത്തെിയ സ്ഥലം താമസത്തിനും കൃഷിക്കും അനുയോജ്യമാണോ എന്ന് പരിശോധിക്കല്‍ മാത്രമാണ് ഈ കമ്മിറ്റിയുടെ ചുമതല. അതിനുശേഷം നടക്കുന്ന നെഗോഷിയേഷന്‍ മീറ്റിങ്ങില്‍ കലക്ടറും ഭൂ ഉടമയുമാണ് വില തീരുമാനിക്കുന്നത്. പര്‍ച്ചേസിങ് കമ്മിറ്റി രൂപവത്കരിക്കുന്നതിന് മുമ്പ് ഈ പദ്ധതി നടത്തിപ്പില്‍ പല അഴിമതിയും നടന്നിട്ടുണ്ട്. കമ്മിറ്റി വന്നതോടെ അത്തരം അഴിമതിക്കുള്ള സാധ്യതകള്‍ അടഞ്ഞതില്‍ വിറളിപൂണ്ട ഉദ്യോഗസ്ഥരുടെ കൈയിലെ പാവയായി ചിലര്‍ മാറുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.ആദിവാസി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണവാര്‍ത്ത വളച്ചൊടിച്ചതാണെന്ന് കേരള ആദിവാസി ഫോറം ജില്ലാ പ്രസിഡന്‍റ് എ. ചന്തുണ്ണി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്‍െറ വാക്കുകള്‍ അനവസരത്തില്‍ ഉപയോഗിച്ചാണ് ജില്ലയിലെ വിവിധ ആദിവാസി നേതാക്കളെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. പര്‍ച്ചേസിങ് കമ്മിറ്റിയിലെ ആദിവാസി നേതാക്കള്‍ ആരൊക്കെയാണെന്നചോദ്യത്തിന് നല്‍കിയ ഉത്തരത്തിലെ പേരുകള്‍ അഴിമതിക്കാരുടേതാക്കി മാറ്റുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് കേരള ആദിവാസി സംഘം (എസ്.സി എസ്.ടി മോര്‍ച്ച) ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സജി ശങ്കര്‍ പറഞ്ഞു. പാലേരി രാമന്‍ അധ്യക്ഷത വഹിച്ചു. എസ്.സി-എസ്.ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മുകുന്ദന്‍ പള്ളിയറ, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദകുമാര്‍, എം.സി. ബാബു, കെ.എം. പൊന്നു, സുബ്രഹ്മണ്യന്‍, ശാന്തകുമാരി ടീച്ചര്‍, അഖില്‍ പ്രേം, രാമചന്ദ്രന്‍ പുലിക്കോട്, പി. രാമചന്ദ്രന്‍, അരിക്കര ചന്തു എന്നിവര്‍ സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു പറഞ്ഞു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയില്‍ ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റിയില്‍ അംഗമായിരുന്നു. ഭൂമി പരിശോധിച്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത് റവന്യൂ ട്രൈബല്‍ ഡിപ്പാര്‍ട്മെന്‍റാണ്. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, എ.ഡി.എം, പ്ളാനിങ് ഓഫിസര്‍, ഫൈനാന്‍സ് ഓഫിസര്‍, പ്രോജക്ട് ഓഫിസര്‍ എന്നിവര്‍ നേരിട്ടാണ് നെഗോസിയേഷന്‍ നടത്തി ഭൂമിക്ക് വില തീരുമാനിച്ചത്. തവിഞ്ഞാല്‍ വില്ളേജിലെ നിര്‍ദിഷ്ട തേയില തോട്ടവും ഈ രീതിയിലാണ് ഏറ്റെടുത്തതെന്നും ബിജു പറഞ്ഞു. ഭൂമി വിലക്കെടുത്ത് നല്‍കിയതില്‍ ക്രമക്കേട് നടന്നന്നെന്ന ആരോപണത്തിന്‍െറ നിജസ്ഥിതി അന്വേഷിക്കണമെന്നും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.