ശുചിത്വം: ഗ്രാമതലത്തില്‍ ഇടപെടല്‍ കാര്യക്ഷമമാവണം –മന്ത്രി എ.കെ. ശശീന്ദ്രന്‍

കല്‍പറ്റ: കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കാനുള്ള യത്നത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് മുന്നേറുന്ന കാലത്തും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങളില്ല എന്നത് അപമാനമാണ്. ഇതിനു മാറ്റമുണ്ടാകാന്‍ ഗ്രാമതലത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ വേണം. വരുന്ന ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയില്‍ എല്ലാവര്‍ക്കും ശൗചാലയങ്ങള്‍ എന്ന ലക്ഷ്യം നേടാന്‍ കഴിയണം. ആദിവാസി കോളനികളിലടക്കം കക്കൂസില്ലാത്ത ഒരു വീടു പോലും ഉണ്ടാകരുത്. കേരളപ്പിറവി ദിനത്തില്‍ കേരളത്തെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജില്ലക്ക് ഇതിനകം ശൗചാലയ നിര്‍മാണത്തില്‍ 65 ശതമാനം പദ്ധതി പൂര്‍ത്തീകരണം നടത്താനായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മാണ പുരോഗതികള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. തനതു ഫണ്ടുകള്‍ കുറവുള്ള പഞ്ചായത്തുകള്‍ക്ക് മതിയായ തുക ഉടന്‍ ലഭ്യമാക്കും. തോട്ടം തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ മാനേജ്മെന്‍റിന്‍െറ സഹകരണവും തേടാം. ഗ്രാമപഞ്ചായത്തുകള്‍ 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണം. വഴി സൗകര്യവും മറ്റും ഇല്ലാത്ത ആദിവാസി മേഖലകളില്‍ കക്കൂസ് നിര്‍മാണത്തിന് നിലവിലുള്ള തുക അപര്യാപ്തമാണ്. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കക്കൂസ് നിര്‍മിക്കാനുള്ള തുക 25,000 രൂപയായി ഉയര്‍ത്തിയതായും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, സി.കെ. സഹദേവന്‍, ടി.എസ്. ദിലീപ് കുമാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എസ്.എച്ച്. സനല്‍കുമാര്‍, എന്‍.ആര്‍.ഇ.ജി.എ പ്രോജക്ട് മാനേജര്‍ പി.ജി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ. അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.