കല്‍പറ്റ: വയനാട്ടുകാരിയായ പട്ടികവര്‍ഗ മന്ത്രി ഉണ്ടായിട്ടും ഭൂമിപ്രശ്നത്തില്‍ ആദിവാസികള്‍ വഞ്ചിക്കപ്പെട്ടതായി എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി. മോഹനന്‍ കുറ്റപ്പെടുത്തി. സ്വന്തമായി ഭൂമി ഇല്ലാത്തതാണ് ആദിവാസികളുടെ ഏറ്റവുംവലിയ പ്രശ്നം. എന്നാല്‍, ഈ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയും ആദിവാസി വിഭാഗത്തില്‍പെട്ട മന്ത്രി ജയലക്ഷ്മിയും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ആത്മാര്‍ഥത കാണിച്ചില്ല. കൊട്ടിഘോഷിച്ച ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 118 ഏക്കര്‍ ഭൂമി മാത്രമാണ് നല്‍കിയത്. 357 ആദിവാസികള്‍ക്ക് മാത്രമാണ് ഭൂമി ലഭ്യമായത്. എന്നാല്‍, 2006ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വയനാട്ടില്‍ മാത്രം 4025 ആദിവാസികള്‍ക്ക് 2907 ഏക്കര്‍ ഭൂമി നല്‍കി. സംസ്ഥാനത്താകെ 12,112 ആദിവാസികള്‍ക്ക് 12,526 ഏക്കര്‍ ഭൂമി വി.എസ് സര്‍ക്കാര്‍ നല്‍കി. ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വാങ്ങിനല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ ഫലപ്രദമായി ചെലവഴിക്കാന്‍ പോലും തയാറായിട്ടില്ല. യു.ഡി.എഫ് ഭരണത്തിലാണ് ആദിവാസി എം.എല്‍.എ ആയ ഐ.സി. ബാലകൃഷ്ണന്‍െറ മണ്ഡലമായ ബത്തേരിയിലെ മാനിക്കുനി കോളനിയില്‍ ആദിവാസി കുടുംബം കക്കൂസിനായി പണിത കെട്ടിടത്തില്‍ മാസങ്ങളോളം താമസിച്ച അപമാനകരമായ സ്ഥിതി ഉണ്ടായത്. ചെതലയത്ത് എല്‍.ഡി.എഫ് അനുവദിച്ച ട്രൈബല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ആദിവാസികള്‍ക്ക് ചികിത്സ നല്‍കാന്‍ പോലും കഴിവില്ലാത്ത പിടിപ്പുകെട്ട മന്ത്രിയാണ് ജയലക്ഷ്മി. രാഹുല്‍ ഗാന്ധി റിക്രൂട്ട് ചെയ്ത യുവ വനിതാനേതാവ് മന്ത്രിയായിരിക്കുമ്പോഴാണ് ബന്ധുകൂടിയായ ആദിവാസി യുവതി യാത്രാമധ്യേ ആംബുലന്‍സില്‍ പ്രസവിച്ചതും മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചതും. ആദിവാസികളായ ഗര്‍ഭിണികള്‍ ആംബുലന്‍സില്‍ പ്രസവിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. വൈത്തിരി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് ഡോക്ടര്‍ ഇല്ലാതെ ഒമ്പതു മാസമായി പൂട്ടിയിട്ടിരിക്കുന്നു. ജില്ലയിലെ എല്ലാ ആശുപത്രികളിലും എല്‍.ഡി.എഫ് ഭരണത്തില്‍ ഉണ്ടായിരുന്ന പകുതി ഡോക്ടര്‍മാര്‍ പോലും യു.ഡി.എഫ് ഭരണത്തില്‍ ഇല്ല. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വയനാട്ടില്‍ 120 ഡോക്ടര്‍മാരുടെ തസ്തിക 224 ആയി ഉയര്‍ത്തി.104 തസ്തിക അധികം അനുവദിച്ചു. എന്നാല്‍, യു.ഡി.എഫ് ഭരണം സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്തു. ജില്ലാ ആശുപത്രിയില്‍ പോലും പകുതിയിലേറെ തസ്തികകളും ഡോക്ടര്‍മാരില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണെന്നും മോഹനന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.