മഴക്ക് പിന്നാലെ രോഗം ബാധിച്ച് കാരറ്റ് അഴുകുന്നു; കര്‍ഷകര്‍ ആശങ്കയില്‍

ഗൂഡല്ലൂര്‍: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴക്കു പിന്നാലെ ഊട്ടി, കൂനൂര്‍ മേഖലയില്‍ രോഗം ബാധിച്ച് കാരറ്റ് അഴുകുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. വിളവെടുക്കാറായ സമയത്താണ് രോഗബാധ കാണപ്പെട്ടത്. കീടനാശിനികള്‍ പ്രയോഗിച്ച് രോഗം നിയന്ത്രിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും കനത്ത നാശനഷ്ടമാണുണ്ടാകുന്നതെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കൃഷിവകുപ്പ് മുന്‍കൈയെടുത്ത് രോഗബാധയെക്കുറിച്ച് പഠനം നടത്തി പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്കരിക്കണമെന്നും സൗജന്യമായി മരുന്നുകളും മറ്റും വിതരണം ചെയ്യണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. നീലഗിരിയിലെ ഊട്ടി, കൂനൂര്‍, കോത്തഗിരി, മഞ്ചൂര്‍ താലൂക്കുകളില്‍ പച്ചക്കറികളാണ് കൂടുതല്‍ കൃഷി ചെയ്യുന്നത്. ഇവയില്‍തന്നെ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നത് കാരറ്റാണ്. മോശമല്ലാത്ത വില ലഭിക്കുന്നതിനാല്‍ കാരറ്റ് കൃഷിയിറക്കാനാണ് കര്‍ഷകര്‍ക്കും താല്‍പര്യം. മേഖലയില്‍ താരതമ്യേന മഴ കുറവായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ കനത്ത മഴ കാരറ്റ് കൃഷിയെ പ്രതികൂലമായി ബാധിച്ചതായി കര്‍ഷകര്‍ പറഞ്ഞു. നെടുകുള, ഈളാട, കതവുതുരൈ, പാട്ടമുക്കൈ ഉള്‍പ്പെടെയുള്ള ഭാഗത്താണ് അഴുകല്‍ രോഗബാധ കൂടുതല്‍ കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.