ആശുപത്രിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവാവിനെ പൊലീസ് തിരയുന്നു

കോയമ്പത്തൂര്‍: ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവിനെ പൊലീസ് തേടുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്തു. ബുധനാഴ്ച വൈകീട്ട് കുഞ്ഞുമായി അജ്ഞാതന്‍ എത്തി. പ്രസവവാര്‍ഡില്‍ എത്തിയ ഇയാള്‍ കുഞ്ഞിന് ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞു. കുഞ്ഞിനെ അഡ്മിറ്റ് ചെയ്ത ജീവനക്കാര്‍ കുഞ്ഞ് ജനിച്ച സ്ഥലം, അമ്മയുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ ആരാഞ്ഞു. ഈ സമയത്ത് റിപ്പോര്‍ട്ട് കാര്‍ഡ് ബാഗിലുണ്ടെന്നും എടുത്തുവരാമെന്നും പറഞ്ഞ് പുറത്തേക്ക് കടന്നു. ഈ സമയത്ത് ജീവനക്കാര്‍ മൊബൈല്‍ഫോണ്‍ നമ്പര്‍ ശേഖരിച്ചിരുന്നു. വളരെ നേരമായിട്ടും യുവാവ് വരാത്തതിനെ തുടര്‍ന്ന് മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടു. ഉടന്‍ വരാമെന്നായിരുന്നു മറുപടി. തുടര്‍ന്നും ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അന്വേഷിക്കുന്നു. മൊബൈല്‍ഫോണ്‍ നമ്പര്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയവയും പൊലീസ് പരിശോധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.