ഡോക്ടറെയും വനപാലകരെയും ക്രൂശിക്കരുത്

സുല്‍ത്താന്‍ബത്തേരി: ചീയമ്പം ജനവാസ കേന്ദ്രത്തിലിറങ്ങിയ ആക്രമണകാരിയായ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനിടയില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയെയും ഒരു വിഭാഗം വനം വകുപ്പ് ഉദ്യോഗസ്ഥരെയും ക്രൂശിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്മാരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെട്ട നടപടി അപലപനീയമാണ്. ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തവിധം കടുവക്ക് മാരകമായി പരിക്കേറ്റിരുന്നുവെന്നത് ദൃക്സാക്ഷികളായ പരിസ്ഥിതി-മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെ ബോധ്യപ്പെട്ടതാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വിഡിയോ ദൃശ്യങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം അധികരിച്ച വയനാട്ടില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പത്തിലധികം കടുവകള്‍ നാട്ടിലിറങ്ങിയിട്ടുണ്ട്. കാട്ടാനകള്‍ കാടിറങ്ങുന്നതും പതിവായിട്ടുണ്ട്. അടുത്ത കാലത്ത് വയനാട്ടില്‍ രണ്ട് മനുഷ്യരെ കടുവ കൊന്നുതിന്നു. വേണ്ടത്ര ആധുനിക സന്നാഹങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ ജീവന്‍ പണയപ്പെടുത്തിയാണ് വനം ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടര്‍മാരും മയക്കുവെടി വെക്കുന്നത്. വനം-വന്യജീവി സംരക്ഷണത്തിനും മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷം കുറക്കുന്നതിനും വയനാട്ടില്‍ ഫോറസ്റ്റ്, വെറ്ററിനറി വകുപ്പുകളുടെ സേവനം പ്രശംസനീയമാണ്. ഗുരുതര പരിക്കേറ്റ കടുവയെയും കടുവയുടെ ആക്രമണത്തില്‍നിന്ന് നാട്ടുകാരെയും രക്ഷിക്കാന്‍ കഠിനപ്രയത്നം നടത്തിയവര്‍ക്കെതിരില്‍ പരാതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, തച്ചമ്പത്ത് രാമകൃഷ്ണന്‍, ഗോകുല്‍ദാസ്, സണ്ണി മരക്കാവ്, എ.വി. മനോജ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.