ക്യാമ്പ് നിര്‍ത്തി ഡോക്ടര്‍മാരെയും വിദ്യാര്‍ഥികളെയും തിരിച്ചയച്ചു

സുല്‍ത്താന്‍ബത്തേരി: പിലാക്കാവ്, മാറോട് ആദിവാസി കോളനികളില്‍ സൗജന്യ ക്യാമ്പ് നടത്തിയ മെഡിക്കല്‍ സംഘത്തെ യു.ഡി.എഫിന്‍െറ പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് സ്ഥലത്തത്തെി സംരക്ഷണം നല്‍കി തിരിച്ചയച്ചു. ക്യാമ്പ് നിര്‍ത്തിവെപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ മറവില്‍ വോട്ട് പിടിക്കുന്നതായി യു.ഡി.എഫ് ഉയര്‍ത്തിയ ആരോപണം പരിഗണിച്ചാണ് പൊലീസും റവന്യു ഉദ്യോഗസ്ഥരും ഇടപെട്ടത്. കണ്ണൂര്‍ പരിയാരം ആയുര്‍വേദ കോളജിലെ ഡോക്ടര്‍മാരും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും അടങ്ങുന്ന മെഡിക്കല്‍ സംഘത്തിനെതിരെയാണ് ആരോപണമുയര്‍ന്നത്. പിലാക്കാവ് കോളനിയില്‍ മെഡിക്കല്‍ സംഘം ചൊവ്വാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മാറോട് ക്യാമ്പ് ആരംഭിച്ചത്. മെഡിക്കല്‍കോളജിലെ വിദഗ്ധ സംഘം സൗജന്യമായി പരിശോധിച്ച് മരുന്ന് നല്‍കുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ ക്യാമ്പിനത്തെിയിരുന്നു. മരുന്ന് നല്‍കുന്നതോടൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം കാണിച്ച് ഈ അടയാളത്തില്‍ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുവെന്നായിരുന്നു യു.ഡി.എഫിന്‍െറ പരാതി. സ്ഥലത്തത്തെിയ റവന്യു അധികൃതര്‍, മെഡിക്കല്‍ ക്യാമ്പ് നടത്താനാവശ്യമായ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. ആരോഗ്യ വകുപ്പിലോ, ട്രൈബല്‍ വകുപ്പിലോ മെഡിക്കല്‍ ക്യാമ്പിനെപ്പറ്റി അറിയിക്കുകയോ, അനുമതി തേടുകയോ ചെയ്തിരുന്നില്ല. കണ്ണൂരില്‍ നിന്നും വയനാട്ടിലെ നൂല്‍പുഴ പഞ്ചായത്തിലെ ആദിവാസി കോളനികളില്‍ ക്യാമ്പ് നടത്താന്‍ ആരാണ് നിര്‍ദേശിച്ചതെന്നും ആരാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുണ്ടായില്ല. മനോജ് എന്ന പൊതുപ്രവര്‍ത്തകന്‍ ക്ഷണിച്ചിട്ടാണ് വന്നതെന്ന് മാത്രമായിരുന്നു ഇവരുടെ മറുപടി. മനോജിന്‍െറ പേര് പറഞ്ഞതും മെഡിക്കല്‍ ക്യാമ്പ് സി.പി.എം തന്ത്രമാണെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബഹളം വെക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം ജില്ലാ കലക്ടറുമായും പൊലീസുമായും ബന്ധപ്പെട്ടു. ക്യാമ്പ് നിര്‍ത്തിവെച്ച് സ്ഥലം വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൂന്ന് ഡോക്ടര്‍മാരും ഇരുപതോളം വിദ്യാര്‍ഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. മെഡിക്കല്‍ സംഘം മുറിയെടുത്ത് താമസിച്ച കല്ലൂരിലും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് സംരക്ഷണത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലത്തെിച്ച ശേഷം വിശദീകരണമെഴുതി വാങ്ങി സംഘത്തെ വിട്ടയക്കുകയായിരുന്നു. ഇവരുടെ പേരില്‍ കേസെടുക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ ആവശ്യം പൊലീസ് തള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.