അഞ്ചുദിവസമായി ഹോട്ടലുകള്‍ അടച്ചിടുന്നു

ഗൂഡല്ലൂര്‍: ജലവിതരണം തടസ്സപ്പെട്ടതോടെ ഗൂഡല്ലൂര്‍ നഗരത്തില്‍ ജലക്ഷാമം രൂക്ഷമായി. പല ഹോട്ടലുകളും അഞ്ചുദിവസമായി പൂട്ടിക്കിടക്കുകയാണ്. ചില കടക്കാര്‍ വാഹനത്തില്‍ പുറമെനിന്നു വെള്ളംകൊണ്ടുവന്നാണ് ഹോട്ടല്‍ തുറക്കുന്നത്. ഈ പണി നഷ്ടക്കച്ചവടമാണെന്നും വെള്ളം കിട്ടുന്നതുവരെ ഹോട്ടലുകളും ടീ ഷോപ്പുകളും അടച്ചിടുകയാണ് നല്ലതെന്നും കച്ചവടക്കാര്‍ പരാതിപറയുന്നു. ജലക്ഷാമംമൂലം വീടുകളിലെ ദൈനംദിനകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ഗൂഡല്ലൂര്‍ നഗരത്തിലേക്ക് ഓവാലിയിലെ ഹെലന്‍ മലയില്‍നിന്നുള്ള വെള്ളമാണ് ഭൂരിപക്ഷം പ്രദേശത്തേക്കും തുറന്നുവിടുന്നത്. ഹെലന്‍ വെള്ളം എത്തിക്കുന്ന പൈപ്പില്‍ തകരാര്‍ ഉണ്ടായതാണ് ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണം. വാള്‍വിന്‍െറ കേടുപാടുകള്‍ തീര്‍ക്കാന്‍ പൈപ്പു സ്ഥാപിച്ചവരുടെ മെക്കാനിക്ക് തന്നെ വരണം. ബദല്‍ സംവിധാനം നഗരസഭാധികൃതര്‍ ചെയ്യാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോഴിപാലം ഭാഗത്തെ പുഴയില്‍നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് കോഴിപാലം, നന്തട്ടി, ചളിവയല്‍, ധര്‍മഗിരി, ചെമ്പാല, വീട്ടിമൂല, എം.ജി.ആര്‍ നഗര്‍ ഭാഗത്തേക്ക് തുറന്നുവിടുന്നുണ്ടെങ്കിലും ഈ മേഖലയിലും ജലക്ഷാമമുണ്ട്. കോഴിപാലത്തെ ഹൈടെക് ശുദ്ധജല പദ്ധതി നടപ്പാവുന്നതോടെ ഗൂഡല്ലൂരിലെ ജലക്ഷാമത്തിന് പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കയാണ്. അതിനാല്‍, നഗരസഭാ പരിധിയില്‍ കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനം സ്വീകരിക്കണമെന്നാണ് വ്യാപാരികളും ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.