ചികിത്സ വേണം, ഈ ആതുരാലയത്തിന്

മേപ്പാടി: സാമൂഹികാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയിട്ട് ഒരു വ്യാഴവട്ടമായിട്ടും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനോട് അധികൃതര്‍ക്ക് കടുത്ത അവഗണന. പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി പ്രഖ്യാപനം നടത്തി എന്നതൊഴിച്ചാല്‍ അതിനുവേണ്ട സൗകര്യങ്ങളോ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ആവശ്യമായ ഡോക്ടര്‍മാരെയോ സ്റ്റാഫിനെയോ നിയമിച്ചിട്ടുമില്ല. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ചുരുങ്ങിയത് അഞ്ചു സ്ഥിരം ഡോക്ടര്‍മാരെങ്കിലും ഉണ്ടായിരിക്കണം. ഇതില്‍ സ്പെഷലിസ്റ്റുകളും വേണം. സ്റ്റാഫ് നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റുമാര്‍ എന്നിവരുണ്ടാവണം. മറ്റ് സംവിധാനങ്ങളും ഒരുക്കണം. എന്നാല്‍, നാളിതുവരെ അതൊന്നുമുണ്ടായിട്ടില്ല. നിത്യേന നൂറുകണക്കിന് രോഗികളാണിവിടെ ചികിത്സതേടി എത്തുന്നത്. എന്നാല്‍, രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണിവരെ പരിശോധിക്കാനുള്ളത്. ചീഫ് മെഡിക്കല്‍ ഓഫിസറുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. നവംബര്‍ 28വരെ അവധിയിലാണ്. പിന്നെ രണ്ട് എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍മാരുണ്ടെങ്കിലും അവര്‍ക്ക് മറ്റു ചില പുറംജോലികള്‍ (ക്യാമ്പ്, കുത്തിവെപ്പ് തുടങ്ങിയവ) ഉണ്ടാവും. തിങ്കളാഴ്ച ഉച്ചക്ക് 12 മണി ആകുമ്പോഴും രാവിലെയത്തെിയ നൂറുകണക്കിന് രോഗികള്‍ പരിശോധനക്കായി കാത്തുനില്‍ക്കുകയായിരുന്നു. രാവിലെ വന്നാല്‍ വൈകുന്നേരമാകാതെ തിരികെ പോകാനാവില്ല എന്നതാണ് ജനങ്ങളുടെ പരാതി. രണ്ടു ഡോക്ടര്‍മാര്‍ മാത്രമായി പരിശോധിക്കാനിരുന്നാല്‍ തീരാത്തത്രയാണ് രോഗികളുടെ എണ്ണം. അവര്‍ക്കാകട്ടെ വെള്ളംകുടിക്കാന്‍പോലും പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥ. ബോര്‍ഡില്‍ അഞ്ച് ഡോക്ടര്‍മാരുടെ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. അതില്‍ ഒന്ന് ഡോ. ബിജോയ് ആണ്. അദ്ദേഹം സ്ഥലംമാറിപ്പോയതാണെന്നറിയുന്നു. പകരം നിയമിച്ച ഡോക്ടര്‍ വൈത്തിരി ട്രൈബല്‍ മെഡിക്കല്‍ യൂനിറ്റിലാണുള്ളതിപ്പോള്‍. പഠനാവശ്യങ്ങള്‍ക്ക് അവധിയിലാണദ്ദേഹവും എന്നാണറിയുന്നത്. അടുത്ത ജനുവരി ഒന്നിനു മാത്രമേ അദ്ദേഹം ചാര്‍ജെടുക്കുകയുള്ളൂ. ശിശുരോഗം, എല്ലുരോഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷലിസ്റ്റുകളെയൊന്നും ഇതുവരെ നിയമിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.