അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കള്‍ പിടിയില്‍

താമരശ്ശേരി: കേരള, തമിഴ്നാട്, കര്‍ണാടക, തെലങ്കാന എന്നീസംസ്ഥാനങ്ങളില്‍നിന്ന് ടോറസ് ലോറികള്‍ മോഷ്ടിച്ചുവില്‍ക്കുന്ന അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കള്‍ പിടിയില്‍. എറണാകുളം അണ്ടിപ്പിള്ളിക്കാവ് കളരിത്തറ ബൈജു (42), തൃശൂര്‍ മനക്കൊടി കരിപ്പാടത്ത് പ്രസാദ് (25) എന്നിവരെയാണ് താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 23ന് പുലര്‍ച്ചെ കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ ഇമ്പിച്ചിമുഹമ്മദിന്‍െറ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ്ലോറി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ തൃശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ തെളിവുകളിലൂടെ ദിവസങ്ങളോളം വിവിധ സംസ്ഥാനങ്ങളില്‍ നിരീക്ഷിച്ചശേഷമാണ് ഈ മോഷ്ടാക്കളെ പിടികൂടുന്നത്. ഓരോമോഷണത്തിനും ഓരോ സിംകാര്‍ഡ് വീതമാണ് ഉപയോഗിക്കുന്നത്. കൊടുവള്ളിയില്‍നിന്ന് മോഷ്ടിച്ച ലോറി, വില്‍പന നടത്തിയശേഷം ഇരുവരും തിരുപ്പതിദര്‍ശനം നടത്തി അവിടെനിന്ന് ഒരു ടോറസ് ലോറി മോഷ്ടിച്ചാണ് മടങ്ങിയത്. ബൈജുവിന് അടിമാലി പെരുമ്പാവൂര്‍, ആലുവ, ചാലക്കുടി, കുന്ദംകുളം, കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, കോഴിക്കോട്, കൊടുവള്ളി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും തമിഴ്നാട്ടിലും തെലങ്കാനയിലും വാഹനമോഷണ കേസുകളുണ്ട്. കൂടാതെ, കര്‍ണാടകയിലും കേരളത്തിലും സ്പിരിറ്റ് കടത്തല്‍ കേസുകളിലും പ്രതിയാണ്. കൂട്ടുപ്രതിയായ പ്രസാദ് തൃശൂര്‍ അന്തിക്കാട് സ്റ്റേഷന്‍പരിധിയില്‍ ഏഴുവയസ്സായ കുട്ടിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലും പ്രതിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രസാദ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോഴാണ് ബൈജുവിനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രസാദിന്‍െറ ഫിയറ്റ് ഫുണ്ടോ കാറുപയോഗിച്ചാണ് മോഷണപരമ്പര ആരംഭിച്ചത്. കൊടുവള്ളി സിഐ എ. പ്രേംജിത്ത്, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ ഷിബില്‍ ജോസഫ്, റഷീദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.