തിരുനെല്ലിയില്‍ തൊഴിലുറപ്പ് കൂലി മുടങ്ങിയിട്ട് രണ്ടുമാസം

തിരുനെല്ലി: പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് രണ്ടുമാസമായി കൂലി ലഭിക്കുന്നില്ല. കൂലി കിട്ടാതായതോടെ 1600 ആദിവാസികളും 860 ബി.പി.എല്‍ കുടുംബങ്ങളും പണിയുപേക്ഷിക്കാനൊരുങ്ങുകയാണ്. ആദിവാസി തൊഴിലാളികള്‍ക്കും മറ്റു സാധാരണക്കാര്‍ക്കും തൊഴില്‍കാര്‍ഡ് ഉണ്ടെന്നല്ലാതെ ഇവരാരും ഇപ്പോള്‍ പണിക്ക് പോകുന്നില്ല. ഭൂരിഭാഗം തൊഴിലാളികളും കര്‍ണാടകയിലെ കുടകിലേക്ക് പണിക്ക് പോവുകയാണ്. കൂലി യഥാസമയം ലഭിക്കാത്തതിനാല്‍ പട്ടിണിയിലാകുന്ന അവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. പലചരക്ക് കടകളിലെ പറ്റ് തീര്‍ക്കാത്തതിനാല്‍ കടക്കാര്‍ സാധനങ്ങള്‍നല്‍കാത്ത അവസ്ഥയുണ്ട്. തിരുനെല്ലി പഞ്ചായത്തിന്‍െറ കണക്കനുസരിച്ച് 3800 തൊഴിലാളികള്‍ പദ്ധതിയില്‍ പണിയെടുക്കുന്നുണ്ട്. ഭൂരിഭാഗത്തിനും വേതനമില്ലാതായതോടെ മറ്റു പണികള്‍ക്കിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 25 ദിവസത്തേക്ക് മസ്റ്ററോളില്‍ ഒപ്പിട്ടാല്‍ 15 ദിവസത്തെ കൂലി മുന്‍കൂറായി നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതും പാലിക്കപ്പെടുന്നില്ല. ഇതിനിടെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇടക്കിടെ വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നത് തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നുണ്ട്. കുറച്ചെങ്കിലും സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളാണ് ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നത്. ബാക്കി തൊഴിലാളികള്‍ കുടകിലേക്ക് പണിക്ക് പോകുന്നു. കുടകില്‍ കാപ്പി പറി തുടങ്ങിയതിനാല്‍ 112 ജീപ്പുകളാണ് ദിനേന രാവിലെ തിരുനെല്ലിയില്‍ നിന്ന് തൊഴിലാളികളെയുംകൊണ്ട് അതിര്‍ത്തി കടക്കുന്നത്. രാവിലെ ജീപ്പില്‍പോകുന്ന തൊഴിലാളികളെ വൈകുന്നേരം വീടുകളിലത്തെിക്കുന്നു. വാഹനത്തിന്‍െറ വാടകയും തോട്ടം ഉടമയാണ് നല്‍കുന്നത്. ബസിലും നിരവധി തൊഴിലാളികള്‍ പോകുന്നുണ്ട്. കുടകില്‍ കാപ്പിപറിക്ക് കരാറടിസ്ഥാനത്തിലാണ് കൂലി. കിലോ കാപ്പി പറിച്ചാല്‍ 2.50 രൂപ ലഭിക്കും. ഇത്തരത്തില്‍ 300-400 രൂപ വരെ ദിവസക്കൂലി കിട്ടും. പട്ടിണിയകറ്റാന്‍ മറ്റു മാര്‍ഗമില്ലാതെ കുടകിലേക്ക് വണ്ടികയറാന്‍ നിര്‍ബന്ധിക്കപ്പെടുകയാണിവര്‍. താഴെക്കിടയിലുള്ളവരെ ലക്ഷ്യമാക്കി നടപ്പാക്കിയ ബൃഹത് പദ്ധതി പരാജയപ്പെടുമെന്ന സ്ഥിതിയാണിവിടെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.