വീടിന് ഫണ്ടുണ്ട്; ‘നിലം’ ശരിയാക്കാനാവാതെ നിര്‍ധനയായ വീട്ടമ്മ

സുല്‍ത്താന്‍ ബത്തേരി: ദേശീയ ന്യൂനപക്ഷ ദിനാചരണത്തിനിടയിലും ന്യൂനപക്ഷ കമീഷന്‍ ഒൗദാര്യപൂര്‍വം അനുവദിച്ച വീടിനു വേണ്ടി രേഖകള്‍ ശരിയാക്കാന്‍ നിര്‍ധനയും നിസ്സഹായയുമായ വീട്ടമ്മ ഓഫിസുകള്‍ കയറിയിറങ്ങുന്നു. ഒരു മാസക്കാലത്തെ വിവാഹ ജീവിതത്തിന് ശേഷം ഭര്‍ത്താവുപേക്ഷിച്ച് ഏക മകളുമായി ഒരു പതിറ്റാണ്ടിലേറെയായി ജീവിതം തള്ളിനീക്കുന്ന ചെതലയം ആറാംമൈലിലെ തോട്ടക്കര ജസ്ലയാണ് അഞ്ചു സെന്‍റ് ഭൂമിയുടെ രേഖകള്‍ ശരിയാക്കാന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും റവന്യൂ ഓഫിസുകളിലും കൃഷി ഓഫിസിലുമായി കയറിയിറങ്ങി ദുരിതമനുഭവിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിര്‍ധനരായ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കും വീട് വെക്കാന്‍ ന്യൂനപക്ഷ കമീഷന്‍ രണ്ടര ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലാണ് ജസ്ല അപേക്ഷ നല്‍കി കാത്തിരുന്നത്. 2015 ഡിസംബര്‍ എട്ടിന് വൈകീട്ടാണ് 10ന് ഹാജരാവാനാവശ്യപ്പെട്ട് കല്‍പറ്റ കലക്ടറേറ്റില്‍ നിന്നും ജസ്ലയെ വിളിച്ചത്. ആകെയുള്ള അഞ്ച് സെന്‍റ് സ്ഥലത്തിന്‍െറ ആധാരത്തിന്‍െറ കോപ്പിയും നികുതി ശീട്ടും ജസ്ല ഹാജരാക്കി. പക്ഷേ, ആധാരത്തില്‍ ഭൂമി ‘നില’മായി രേഖപ്പെടുത്തിയതാണ് ജസ്ലക്ക് വിനയായത്. ‘നില’ത്ത് വീട് വെക്കാന്‍ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതി ഹാജരാക്കണം. ഒപ്പം 200 രൂപയുടെ മുദ്രപത്രം, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, വീടിന്‍െറ പ്ളാന്‍, നാല് കോപ്പി ഫോട്ടോ എന്നിവ ഉടന്‍ നല്‍കണം. ഇല്ളെങ്കില്‍ ഫണ്ട് ലാപ്സാകും. എന്‍.ഒ.സിക്ക് വേണ്ടി ബത്തേരി മുനിസിപ്പാലിറ്റി അധികൃതരെ സമീപിച്ചപ്പോള്‍ കൃഷി ഓഫിസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അനുവദിക്കാനാവൂ എന്നായിരുന്നു മറുപടി. കൃഷി ഓഫിസിലത്തെിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. 14 ഇനം രേഖകളും അയല്‍വാസികളായ നാലു കുടുംബങ്ങളില്‍ നിന്നുള്ള എന്‍.ഒ.സിയും ഹാജരാക്കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നാണ് കൃഷി ഓഫിസറുടെ നിലപാട്. ഇരിപ്പൂ കൃഷി നടന്നിരുന്ന വയലുകള്‍ അടക്കം നികത്തി കൂറ്റന്‍ കെട്ടിടങ്ങളും പെട്രോള്‍ പമ്പുകളും ഉയരുന്ന ബത്തേരി മുനിസിപ്പാലിറ്റിയിലാണ് മറ്റൊരു ഗതിയുമില്ലാത്ത നിര്‍ധന സ്ത്രീയെ ‘നില’ത്തിന്‍െറ പേരില്‍ വട്ടം കറക്കുന്നത്. മറ്റു ഭൂമിയില്ലാത്തവര്‍ക്കും അഞ്ചുസെന്‍റ് വരെ സാക്ഷാല്‍ വയല്‍നികത്തി വീട് വെക്കാന്‍ അനുമതിയുള്ള നാട്ടിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കരവയലായി രേഖപ്പെടുത്തപ്പെട്ട സ്ഥലത്ത് ഭവന നിര്‍മാണത്തിന് അനുമതി നിഷേധിക്കപ്പെട്ട് അനുവദിച്ച ഫണ്ടും ലാപ്സാകുമെന്ന ദുരവസ്ഥയില്‍ ഇവര്‍. ദേശീയ ന്യൂനപക്ഷ ദിനമായ വെള്ളിയാഴ്ചയും കൂലിപ്പണി നിര്‍ത്തിവെച്ച് ജസ്ല ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നു. ചെതലയത്തെ സാമൂഹിക പ്രവര്‍ത്തകന്‍ തോട്ടക്കര കുഞ്ഞുമുഹമ്മദിന്‍െറ മകളാണ് ജസ്ല. നിര്‍ധനരെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന വില നല്‍കി ഭൂമി വാങ്ങാന്‍ കഴിയാതിരിക്കെ വീട് നിര്‍മാണത്തിന് അനുയോജ്യമായ അഞ്ച് സെന്‍റ് കരവയലില്‍ വീട് വെക്കാന്‍ അനുമതി ആവശ്യപ്പെട്ട് കുഞ്ഞുമുഹമ്മദ് ഹൈകോടതി ചീഫ് ജസ്റ്റിസിന് നിവേദനം അയച്ചിട്ടുണ്ട്. ഹരജിയുടെ കോപ്പി എ.ഡി.എമ്മിനും സമര്‍പ്പിച്ചു. അഞ്ച് സെന്‍േറാ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ഭൂമിയുടെ തരം നോക്കാതെ ഭവന നിര്‍മാണത്തിന് ഇളവ് തേടിയാണ് കുഞ്ഞുമുഹമ്മദിന്‍െറ അപേക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.