2795 ലിറ്റര്‍ വ്യാജ കള്ളും 1800 ലിറ്റര്‍ സ്പിരിറ്റും പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍

മാനന്തവാടി: ക്രിസ്മസ് നവവത്സര കാലത്ത് വ്യാജമദ്യ വില്‍പന വ്യാപകമാകുമെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നായി 2795 ലിറ്റര്‍ വ്യാജ കള്ളും 1800 ലിറ്റര്‍ സ്പിരിറ്റും പിടികൂടി. രണ്ട് സംഭവങ്ങളിലുമായി അഞ്ചുപേര്‍ അറസ്റ്റിലായി. കള്ള് ഷാപ്പ് നടത്തിപ്പുകാരന്‍െറ കാവുമന്ദത്തെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് വ്യാജകള്ളും അവ നിര്‍മിക്കാനുപയോഗിക്കുന്ന പഞ്ചസാര, ഈസ്റ്റ് എന്നിവയും പിടികൂടിയത്. രാവിലെ ആറുമണിയോടെയാണ് ഉത്തരമേഖല എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പരിശോധന നടത്തിയത്. മൂന്ന് പിക്അപ് ജീപ്പുകളും കസ്റ്റഡിയിലെടുത്തു. ജോലിക്കുണ്ടായിരുന്ന സുകുമാരന്‍, ബാലന്‍, രാജീവന്‍, ശ്രീരാജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവിടെ റെയ്ഡ് നടക്കുന്ന സമയത്താണ് പടിഞ്ഞാറത്തറ വാളാരംകുന്ന് അത്താണി ക്വാറിക്ക് സമീപത്തെ ഹോംസ്റ്റേയില്‍ നിന്നും സ്പിരിറ്റ് കടത്താന്‍ ശ്രമിക്കുന്നതായുള്ള വിവരം എക്സൈസിന് ലഭിക്കുന്നത്. ഇവിടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 35 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഹോംസ്റ്റേക്ക് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയില്‍ നിന്നാണ് രണ്ട് കന്നാസ് സ്പിരിറ്റ് കണ്ടെടുത്തത്. റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് വാഹനത്തില്‍ കടത്താനുള്ള ശ്രമമായിരുന്നു. കെ.എല്‍. 12 ഡി. 9982 നമ്പര്‍ ടിപ്പറിലായിരുന്നു സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. ജീവനക്കാരെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മാടക്കുന്ന് സ്വദേശി സജി വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ ദേവസ്യയുടെ ഉടമസ്ഥതയിലുള്ളതാണ് ഹോം സ്റ്റേ. കഴിഞ്ഞ ദിവസം കോറോത്ത് നിന്നും മാഹിയില്‍ നിന്നും കടത്തിയ 12 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയിരുന്നു. ഉത്തരമേഖല എക്സൈസ് കമീഷണറുടെ സ്പെഷല്‍ സ്ക്വാഡിലുള്‍പ്പെട്ട സി.ഐ വിനോദ് വി.നായര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സതീഷ്, മനോഹരന്‍, കല്‍പറ്റ എക്സൈസ് സി.ഐ കെ.എസ്്. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബാറുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ജില്ലയിലേക്ക് വന്‍ തോതില്‍ വ്യാജ കള്ള്, സ്പിരിറ്റ്, വ്യാജമദ്യം എന്നിവ ഒഴുകുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് വെള്ളിയാഴ്ച സ്പിരിറ്റും വ്യാജകള്ളും പിടികൂടിയതിലൂടെ വെളിവാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.