ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയില്ല

മാനന്തവാടി: ആദിവാസി യുവതി ആംബുലന്‍സിലും ആശുപത്രികളിലുമായി പ്രസവിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ തുടര്‍ നടപടികളില്ല. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടുമില്ല. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് വാളാട് എടത്തന കോളനി കൃഷ്ണന്‍െറ ഭാര്യ അനിതക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി പനമരം സി.എച്ച്.സിയിലും പച്ചിലക്കാട് വെച്ച് ആംബുലന്‍സിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമായി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുട്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. സംഭവം പുറംലോകം അറിഞ്ഞതോടെ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. തുടര്‍ന്ന് മുഖം രക്ഷിക്കാനായി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ഒമ്പതിന് ജില്ലാ ആശുപത്രിയിലത്തെിയ ആരോഗ്യ വകുപ്പ് അഡി. ഡയറക്ടര്‍ (വിജിലന്‍സ്) എല്‍.ആര്‍. സരിത, ഡോക്ടര്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ലഭിച്ചതായും ഉള്ളടക്കം വെളിപ്പെടുത്താനാകില്ളെന്ന നിലപാടാണ് ആരോഗ്യ ഡയറക്ടര്‍ സ്വീകരിക്കുന്നത്. ഈ നിലപാടുമൂലം ജില്ലാ ആശുപത്രിയുടെ സ്ഥിതി പഴയതുപോലെ തന്നെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.