നാട്ടാന പരിപാലന നിയമം കര്‍ശനമാക്കുന്നു; വിവര ശേഖരണം തുടങ്ങി

മാനന്തവാടി: സുപ്രീംകോടതിയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും കര്‍ശന നിര്‍ദേശത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാട്ടാന പരിപാലന നിയമം കര്‍ശനമാക്കുന്നു. ഇതിന്‍െറ ഭാഗമായി നാട്ടാനകളുടെ വിവര ശേഖരണം വനം വകുപ്പ് തുടങ്ങി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാര്‍ 3/2015 സര്‍ക്കുലര്‍ പ്രകാരം എല്ലാ സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം വിവരശേഖരണം പൂര്‍ത്തിയാക്കണമെന്നാണ് 21.8.15ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. ആനയുടമകള്‍ക്ക് നല്‍കുന്ന ഡാറ്റ ബുക്ക് പൂരിപ്പിച്ച് ബുക്ക് എ.ഡി.എഫുമാര്‍ ശേഖരിക്കും. 2012ലെ കേരള നാട്ടാന പരിപാലന നിയമപ്രകാരം ജില്ലാ കലക്ടര്‍, എ.ഡി.എസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് നിയമം എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ച് ചര്‍ച്ച നടത്തണം. യോഗത്തിലേക്ക് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍െറ പ്രതിനിധിയെ ക്ഷണിക്കണം. ദേവസ്വം ബോര്‍ഡുകള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ആനകളുടെ രജിസ്ട്രേഷന്‍ ജില്ലാതല കമ്മിറ്റി മുമ്പാകെ നടത്തണം. നാട്ടാന പരിപാലന നിയമം ലംഘിക്കുന്നവര്‍ക്കെതിരെ എ.ഡി.എഫുമാര്‍ക്ക് ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കാം. ഈ സര്‍ക്കുലര്‍ പ്രകാരമുള്ള നോട്ടീസ് ആനയുടമകള്‍, ദേവസ്വം ബോര്‍ഡുകള്‍, ആന ഉടമ സംഘം എന്നിവര്‍ക്ക് നല്‍കണം. ഡാറ്റാ ബുക്കില്‍ ആനയുടെ ഫോട്ടോ ഉള്‍പ്പെടുത്തണം. ആനയുടെ പേര്, വയസ്സ്, വര്‍ഗം, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ് നമ്പര്‍, തിരിച്ചറിയല്‍ രേഖയുള്‍പ്പെടെ പത്ത് വിവരങ്ങള്‍ രേഖപ്പെടുത്തണം. ഉടമസ്ഥരുടെ 13ഓളം വിവരങ്ങള്‍, ആനയെ പങ്കെടുപ്പിച്ച ഉത്സവ വിവരങ്ങള്‍, സ്ഥലം എന്നിവയും രേഖപ്പെടുത്തണം. നേരത്തെ ടെറിറ്റോറിയല്‍ ഡിവിഷനായിരുന്നു ആനകളുടെ മേല്‍നോട്ട ചുമതല. ഇത് കാര്യക്ഷമമല്ലാത്തതിനാലാണ് സാമൂഹിക വനവത്കരണ വിഭാഗത്തെ ചുമതലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.