കെ.പി.സി.സി നിര്‍ദേശം പാലിച്ചില്ളെന്ന്; ഡി.സി.സി ഭാരവാഹി പട്ടികതര്‍ക്കം തീര്‍ന്നില്ല

കല്‍പറ്റ: ആഗസ്റ്റ് 31ന് പട്ടിക നല്‍കണമെന്ന് കെ.പി.സി.സി അന്ത്യശാസനം നല്‍കിയിട്ടും വയനാട്ടില്‍ തയാറാക്കിയ ഡി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കം തീരുന്നില്ല. സമവായ കമ്മിറ്റി ഉണ്ടാക്കിയ പട്ടിക സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ആഗസ്റ്റ് 31നുള്ളില്‍ പട്ടിക കൈമാറിയില്ളെങ്കില്‍ കെ.പി.സി.സി ഇടപെടുമെന്ന് പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചിരുന്നു. പാര്‍ട്ടി പുന$സംഘടനയുമായി ബന്ധപ്പെട്ട് 2014 ജൂലൈ 14ന് കെ.പി.സി.സി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും 2014 ആഗസ്റ്റ് 20നകം പുന$സംഘടന പൂര്‍ത്തീകരിക്കണമെന്നായിരുന്നു 10/14 നമ്പര്‍ സര്‍ക്കുലറിലുള്ള കര്‍ശന നിര്‍ദേശം. ഡി.സി.സി പ്രസിഡന്‍റ്, 20 ഭാരവാഹികള്‍ എന്നിവരടക്കം 21 അംഗ കമ്മിറ്റിയാണ് ജില്ലയില്‍ വേണ്ടത്. പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റുമാര്‍, ട്രഷറര്‍, 15 ജന. സെക്രട്ടറിമാര്‍ എന്നിവരടങ്ങിയതാണ് കമ്മിറ്റി. 20 എക്സിക്യൂട്ടിവ് അംഗങ്ങളും വേണം. ഭാരവാഹികളുടെ പട്ടിക തയാറാക്കാനായി ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മുതിര്‍ന്ന നേതാവ് കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, ഡി.സി.സി സെക്രട്ടറിമാരായ വി.എ. മജീദ്, സി. അബ്ദുല്‍ അഷറഫ് എന്നീ ‘ഐ’ ഗ്രൂപ്പുകാരും പി.കെ. ഗോപാലന്‍, എന്‍.ഡി. അപ്പച്ചന്‍, അഡ്വ. എന്‍.കെ. വര്‍ഗീസ്, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ.വി. പോക്കര്‍ ഹാജി എന്നീ ‘എ’ ഗ്രൂപ്പുകാരും ഉള്‍പ്പെട്ട സമവായ കമ്മിറ്റി നേരത്തേ രൂപവത്കരിച്ചിരുന്നു. എന്നാല്‍, ഓരോ കമ്മിറ്റിയംഗങ്ങളും രണ്ടും മൂന്നും പേരെ ഭാരവാഹികളായി നിര്‍ദേശിച്ചതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. കെ.പി.സി.സി സര്‍ക്കുലര്‍ പ്രകാരം ഭാരവാഹിത്വത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവരും മാറണം. നിലവിലെ 50 ശതമാനം ആളുകളും മാറി പുതിയവര്‍ വരണം. 30 ശതമാനം പേര്‍ 50 വയസ്സിന് താഴെയുള്ളവരും വേണം. ജാതി, മത സമവാക്യവും പാലിക്കണമെന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍, തയാറാക്കിയ പട്ടികയില്‍ ജാതി, മത സമവാക്യം തീരെ പരിഗണിക്കപ്പെട്ടിട്ടില്ല. ചില നേതാക്കന്മാരുടെ കടുംപിടിത്തമാണ് സമവായത്തിലത്തൊന്‍ കഴിയാത്തതെന്ന് ഇരു ഗ്രൂപ്പുകളും കുറ്റപ്പെടുത്തുന്നു. ഡി.സി.സി പ്രസിഡന്‍റാണ് പിടിവാശി നടത്തുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ ‘എ’ ഗ്രൂപ്പിലെ മുതിര്‍ന്ന ചില നേതാക്കളാണ് തടസ്സം നില്‍ക്കുന്നതെന്ന് ‘ഐ’ ഗ്രൂപ്പും ആരോപിക്കുന്നു. നേരത്തേ മണ്ഡലം പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ‘എ’ ഗ്രൂപ് നാലു മുസ്ലിംകളെ പരിഗണിച്ചിട്ടുണ്ട്. ‘ഐ’ ഗ്രൂപ് ഒരാളെയും പരിഗണിച്ചിട്ടില്ല. ഇരുഗ്രൂപ്പുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട ഒരാളെപോലും പരിഗണിച്ചിട്ടില്ല. ബ്ളോക് പ്രസിഡന്‍റുമാരില്‍ ‘എ’ ഗ്രൂപ് ഒരു മുസ്ലിമിനെയും ‘ഐ’ ഗ്രൂപ് ഒരു എസ്.ടി വിഭാഗത്തെയും പരിഗണിച്ചതുമാത്രമാണ് എടുത്തുപറയാനുള്ളത്. ജില്ലയിലെ ഒരു ബ്ളോക് കമ്മിറ്റിയില്‍ പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റുമാര്‍ എന്നിവരൊക്കെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവരാണ്. ബ്ളോക് പ്രസിഡന്‍റുമാരായി വനിതകളെ പരിഗണിച്ചിട്ടുമില്ല. ഡി.സി.സി പട്ടികയില്‍ തര്‍ക്കം രൂക്ഷമായ സ്ഥിതിക്ക് കെ.പി.സി.സി നേതൃത്വം അടിയന്തര ഇടപെടല്‍ നടത്തുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രങ്ങളില്‍പെട്ട പ്രധാന ജില്ലയായ വയനാട്ടിലെ പ്രശ്നങ്ങള്‍ നേതൃത്വം ഗൗരവമായാണ് കാണുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കെ.പി.സി.സി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗ്രൂപ് വ്യത്യാസമില്ലാതെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആളുകളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുത്താനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.