സംസ്ഥാന സിനിമാ അവാര്‍ഡിന് വയനാടന്‍ ചന്തവുമായി ‘അങ്കുരം’

കല്‍പറ്റ: മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘അങ്കുരം’ ചിത്രം വയനാടിന്‍െറയും അഭിമാനമായി. വയനാടന്‍ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമക്ക് കുട്ടികളുടെ ചിത്രം, മികച്ച ബാലനടന്‍, മികച്ച കുട്ടികളുടെ ചിത്രത്തിന്‍െറ സംവിധാനം എന്നീ പുരസ്കാരങ്ങളാണ് കിട്ടിയത്. വയനാടിന്‍െറ പ്രകൃതിരമണീയതയും പരിസ്ഥിതി പ്രാധാന്യവും ഒപ്പിയെടുത്ത ചിത്രം ചുണ്ടേല്‍ പക്കാളിപ്പള്ളത്തായിരുന്നു പ്രധാനമായും ചിത്രീകരിച്ചത്. വൈത്തിരി, ലക്കിടി, കണ്ണൂര്‍ എന്നിവിടങ്ങളിലും ഷൂട്ടിങ് നടന്നു. ഭൂരിഭാഗം വേഷങ്ങള്‍ ചെയ്തതും വയനാട്ടുകാര്‍ തന്നെ. മികച്ച പരിസ്ഥിതി ഹ്രസ്വചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത ‘എ ലോ എ ഷോര്‍’ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കല്‍പറ്റ സ്വദേശി ബിപിന്‍ എമിലിയാണ് ‘അങ്കുര’ത്തിലും പ്രധാന വേഷം ചെയ്തത്. സുധീര്‍, ഷനൂപ് മനേഞ്ചേരി, ജംഷീര്‍ മുണ്ടോടന്‍ എന്നീ വയനാട്ടുകാരും വേഷമിട്ടു. ഇത്തവണ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടത് ബംഗളൂരുവില്‍ മൂന്നാംക്ളാസ് വിദ്യാര്‍ഥിയായ അദൈ്വതാണ്. അങ്കുരത്തില്‍ പരിസ്ഥിതി സ്നേഹിയായ മനു എന്ന കഥാപാത്രത്തെയാണ് അദൈ്വത് അവതരിപ്പിച്ചത്. പ്രകൃതിക്കുവേണ്ടി വാദിക്കുന്ന ഗൗതമനായാണ് ചിത്രത്തില്‍ ബിപിന്‍ എമിലി അഭിനയിച്ചത്. പരിസ്ഥിതിയെ സ്നേഹിക്കുന്ന ഗൗതമന്‍ ക്വാറിമാഫിയകള്‍ക്കെതിരെ പടയൊരുക്കം നടത്തുന്നു. മൃഗസ്നേഹി കൂടിയായ ഗൗതമന്‍െറ വീട്ടില്‍ മാനിന്‍െറ കൊമ്പ് കൊണ്ടുപോയിടുന്നു. ഇതിന്‍െറ പേരില്‍ അറസ്റ്റിലായ ഗൗതമന്‍ തന്‍െറ വീട്ടിലെ മൃഗങ്ങളെ ഓര്‍ത്ത് പരിതപിച്ച് ജയില്‍ചാടുന്നു. വീട്ടിലത്തെിയ ഗൗതമന്‍ മൃഗങ്ങളെയെല്ലാം തുറന്നുവിടുന്നു. തിരിച്ചു ജയിലിലേക്ക് പോകുന്നതിനിടെ ലഭിക്കുന്ന ഒരു വിത്ത് പ്രകൃതിസ്നേഹിയായ മനുവിന് നല്‍കുന്നു. ഒരു പ്രകൃതിസ്നേഹി മരിച്ചാലും പിന്തുടര്‍ച്ചയായി ആരെങ്കിലും ഭൂമിയില്‍ അവശേഷിക്കുമെന്ന് ചിത്രം പ്രേക്ഷകനോട് പറയുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഗാഡ്ഗിലും കസ്തൂരിരംഗനുമൊക്കെ ചിത്രത്തില്‍ വരുന്നുണ്ട്. പ്രശസ്ത നടി ദേവി അജിത് മനുവിന്‍െറ അമ്മയായി വേഷമിട്ടു. ടി. ദീപേഷാണ് സംവിധായകന്‍. പ്രദീപ് കാന്‍ധാരി നിര്‍മാതാവും. കുട്ടികളുടെ മികച്ച ചിത്രത്തിന് നാല് ലക്ഷം രൂപയാണ് പുരസ്കാരത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.