ഒരേസമയം മൂന്നു വോട്ട്; പഞ്ചായത്തില്‍ പുതിയ വോട്ടുയന്ത്രം

കല്‍പറ്റ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ഒരേസമയം മൂന്നുവോട്ടുകള്‍ ചെയ്യാന്‍ കഴിയുന്ന ‘മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍’ സംവിധാനം ഏര്‍പ്പെടുത്തുന്നു. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുന്നത്. ഇതിന് ഒരു കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റും മാത്രമേയുള്ളൂ. ഒരു വോട്ട് രേഖപ്പെടുത്താന്‍ മാത്രമേ ഇതില്‍ കഴിയൂ. എന്നാല്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്കായി ഒരാള്‍ മൂന്നു വോട്ട് രേഖപ്പെടുത്തണം. പുതിയ യന്ത്രത്തില്‍ ഇതിന് സൗകര്യമുണ്ടാകും. യന്ത്രത്തിന്‍െറ ഉപയോഗത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ പരിശീലനം നല്‍കുമെന്ന് കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പ്രധാന പരിശീലകന്‍ കെ.എം. ഹാരിഷ് ക്ളാസെടുത്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ സംഘടിപ്പിച്ച പരിപാടിയില്‍ എ.ഡി.എം പി.വി. ഗംഗാധരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഭാസ്കരന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഉണ്ണികൃഷ്ണന്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി യന്ത്രം നിര്‍മിച്ചത്. 7.5 വോള്‍ട്ട് ബാറ്ററിയിലാണ് യന്ത്രത്തിന്‍െറ പ്രവര്‍ത്തനം. തുടര്‍ച്ചയായി 7500 വോട്ട് വരെ രേഖപ്പെടുത്താം. എന്നാല്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 1500ല്‍ താഴെ വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാകൂ. ഒരു കണ്‍ട്രോള്‍ യൂനിറ്റും അതുമായി ഘടിപ്പിക്കാന്‍ കഴിയുന്ന മൂന്നു ബാലറ്റ് യൂനിറ്റുകളും ഉള്‍പ്പെടുന്നതാണ് ‘മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍’. ഒരു ബാലറ്റ് യൂനിറ്റില്‍ 15 പരമാവധി സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്താം. ഇതില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ അധിക ബാലറ്റ് യൂനിറ്റ് ഘടിപ്പിക്കേണ്ടി വരും. സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍നിന്ന് വ്യത്യസ്തമായി രണ്ടു മെമ്മറികളാണ് യന്ത്രത്തിനുള്ളത്. പ്രധാന മെമ്മറിയില്‍ രേഖപ്പെടുത്തുന്ന ഫലങ്ങള്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഡിറ്റാച്ചബ്ള്‍ മെമ്മറിയിലും റെക്കോഡ് ചെയ്യപ്പെടും. തെഞ്ഞെടുപ്പിനുശേഷം ബാലറ്റ് പെട്ടികള്‍ സൂക്ഷിക്കുന്നതിനുപകരം ഡിറ്റാച്ചബ്ള്‍ മെമ്മറിയായിരിക്കും സീല്‍ ചെയ്ത് സൂക്ഷിക്കുക. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് 12 അക്ക സ്പെഷല്‍ കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു ബാലറ്റുകളിലും വോട്ട് രേഖപ്പെടുത്തുമ്പോള്‍ മാത്രമാണ് ഒരാളുടെ വോട്ടുചെയ്യല്‍ പൂര്‍ത്തിയാവുക. പോളിങ് ബൂത്തിലത്തെുന്നവര്‍ക്ക് പ്രിസൈഡിങ് ഓഫിസറുടെയും ബൂത്ത് ഏജന്‍റുമാരുടെയും നേതൃത്വത്തില്‍ വോട്ടുയന്ത്രത്തെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കും. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യം യന്ത്രത്തിലുണ്ട്. ഉപകരണങ്ങള്‍ക്ക് പിഴവ് സംഭവിച്ചാലും തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കും. ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ പ്രയാസമുള്ള ബൂത്തുകളില്‍ ഒരു അധികയന്ത്രം കരുതും. 10 പോളിങ് ബൂത്തുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫിസ് പ്രവര്‍ത്തിക്കും. നോട്ട സംവിധാനം ഇല്ലാത്ത ഈ മള്‍ട്ടിപോസ്റ്റ് വോട്ടിങ് സംവിധാനം ആന്ധ്രപ്രദേശിലാണ് ആദ്യമായി നടപ്പാക്കിയത്. പുതിയ വോട്ടിങ് സംവിധാനം ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരിചയപ്പെടുത്താന്‍ മോക് പോള്‍ പരിശീലനം നല്‍കും. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ഥികളുടെയോ ഏജന്‍റുമാരുടെയോ സാന്നിധ്യത്തില്‍ യന്ത്രം ക്രമീകരിച്ച് മോക് പോള്‍ നടത്തി വോട്ടിങ് യന്ത്രം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തും. പുതിയ യന്ത്രത്തില്‍ ഫലപ്രഖ്യാപനവും വേഗത്തിലാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.