അ​രാം​കോ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ൽ ഇ​റാ​ൻ -സൗ​ദി

റിയാദ്: അരാംകോ എണ്ണശാലകൾക്കുനേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാൻതന്നെയെന്ന് സൗദി. സൗദി സഖ്യസേന വക്താവ് കേണ ൽ തുർക്കി അൽമാലികിയാണ് ബുധനാഴ്ച രാത്രി നടന്ന വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 25 ഡ്രോണുകളും ക്രൂസ് മിസൈലുകളുമാണ് അരാംകോ എണ്ണ സംസ്കരണ ശാലകൾക്കു നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത്. 18 ഡ്രോണുകൾ അബ്െഖെകിലും ഏഴെണ്ണം ഖുറൈസിലും നാശനഷ്ടമുണ്ടാക്കി. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ റിയാദിൽ മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിച്ചു. സൗദി തെളിവുമായി വന്നാൽ ഇറാന് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മേഖലയിൽ സംഘർഷം ഉരുണ്ടുകൂടുകയാണ്.

ആക്രമണത്തിൻെറ ഉത്ഭവകേന്ദ്രം യമൻ അല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. വടക്ക് മേഖലയിൽനിന്നാണ് ആക്രമണമുണ്ടായത്. മേയ് 14 ന് അഫീഫ്, ദവാദ്മി എണ്ണപ്പാടങ്ങളിലേക്കുണ്ടായ ആക്രമണത്തിൻെറ തുടർച്ചയാണിത്. അന്നത്തെ ആക്രമണത്തിനുപയോഗിച്ച ഉപകരണങ്ങൾതന്നെയാണ് സെപ്റ്റംബർ 14 ആക്രമണത്തിനും ഉപയോഗിച്ചത്. എല്ലാം അത്യാധുനികമാണ്. യമനിലെ ഹൂതികളെകൊണ്ട് ഇത്തരമൊരു ആക്രമണത്തിന് സാധിക്കില്ല. ഇറാൻ ആണ് ആക്രമണത്തിനു പിന്നിലെന്ന കാര്യത്തിൽ സംശയമില്ല.

അത് എവിടുന്ന് തൊടുത്തു എന്ന കാര്യം വ്യക്തമായാൽ പറയാമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദിയിലെത്തി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. വ്യാഴാഴ്ച അദ്ദേഹം ആക്രമണമേഖല സന്ദർശിക്കും. അരാംകോ ഭീകരാക്രമണത്തെതുടർന്ന് ഭാഗികമായി തടസ്സപ്പെട്ട സൗദിയുടെ എണ്ണ വിതരണം പൂർവസ്ഥിതി പ്രാപിച്ചെന്ന് ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു. ഇൗ മാസം ഉപഭോക്തൃരാജ്യങ്ങൾക്കുള്ള എണ്ണവിതരണം സാധാരണപോലെ തുടരും. സെപ്റ്റംബർ അവസാനത്തോടെ പ്രതിദിന എണ്ണ ഉൽപാദന ശേഷി 11 ദശലക്ഷം ബാരലായി ഉയരുമെന്നും നവംബറോടെ 12 ദശലക്ഷം ബാരലാവുമെന്നും അമീർ അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - saudi aramco attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.