നഗരസഭയുടെ 100 വാർഡുകളിലും പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ 100 വാർഡുകളിലും പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഞായറാഴ്ച രാവിലെ 7.30ന് കാര്യവട്ടം കാമ്പസിന് സമീപം പൊതുസ്ഥലം വൃത്തിയാക്കി മേയർ കെ. ശ്രീകുമാർ തുടക്കമിട്ടു. ഒരേസമയം നഗരത്തിലെ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഹൗസിങ് കോളനികൾ, വീടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ശുചീകരണപ്രവർത്തനങ്ങൾ നടന്നത്‌. 162 പൊതുസ്ഥലങ്ങളിൽ നിന്നായി 55 ടൺ മാലിന്യമാണ് മാസ് ക്ലീനിങ് കാമ്പയിൻെറ ഭാഗമായി നീക്കം ചെയ്തത്. ആശാവർക്കർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ എന്നിവരുടെ നേതൃത്വത്തിൽ 1,63,872 വീടുകളിൽ ഉറവിട നശീകരണം നടത്തി. ബോധവത്കരണത്തിനായുള്ള നോട്ടീസുകൾ വിതരണം ചെയ്തു. 789 ഓടകൾ കോരി വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കി. കഴക്കൂട്ടം കൃഷിഭവൻ, ചട്ടമ്പിസ്വാമി പാർക്ക്, പുത്തരിക്കണ്ടം മൈതാനം, ചാല മാർക്കറ്റ്, പാളയം മാർക്കറ്റ്, സ്കൂളുകൾ, അംഗൻവാടികൾ, മൃഗാശുപത്രികൾ, കൃഷി ഭവനുകൾ തുടങ്ങി മുപ്പത്തിരണ്ട് പൊതുഇടങ്ങൾ ശുചീകരണ ദിനത്തിൻെറ ഭാഗമായി വൃത്തിയാക്കി. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ പാളയം രാജൻ, വഞ്ചിയൂർ പി. ബാബു, എസ്. പുഷ്പലത, ഐ.പി. ബിനു, എസ്.എസ്. സിന്ധു, സി. സുദർശനൻ, സിമി ജ്യോതിഷ് എന്നിവർ 25 ഹെൽത്ത് സർക്കിളുകളിലായി പരിപാടികൾക്ക് നേതൃത്വം നൽകി. 100 വാർഡുകളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടേതായി 1119 പേരുടെ പങ്കാളിത്തം ഉണ്ടായി. 893 നഗരസഭ ശുചീകരണ തൊഴിലാളികളും പ്രവർത്തനങ്ങൾക്കായിറങ്ങി. നഗരസഭ ഹെൽത്ത് ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഫീൽഡിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തൈക്കാട് മോഡൽ എൽ.പി സ്‌കൂളിലും വീടുകളിൽ ഉറവിട നശീകരണം നടത്തുന്നതിൻെറ ഭാഗമായി ചാക്ക മൈത്രി നഗർ െറസിഡൻറ്സ് അസോസിയേഷനിലും കുന്നുകുഴി ബാർട്ടൺ ഹിൽ കോളനി, ഉള്ളൂർ എന്നിവിടങ്ങളിലും ശുചീകരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.