ശ്രദ്ധയാകര്‍ഷിച്ച് കുട്ടിശാസ്ത്രജ്ഞരുടെ പോസ്​റ്റര്‍ പ്രദര്‍ശനം

തിരുവനന്തപുരം: 27ാമത് ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും ആക്ടിവിറ്റി കോര്‍ണറും കാണാന്‍ കാണികളുടെ തിരക്ക്. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി എത്തിയ 620 ഓളം വരുന്ന കുരുന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പോസ്റ്റര്‍രൂപത്തിലുള്ള പ്രദര്‍ശനവും കുട്ടികളുടെ അവതരണവുമാണ് മാര്‍ബേസിലസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളും ഇന്ത്യയിലെ കാര്‍ഷികമേഖലക്ക് മുതല്‍കൂട്ടാവുന്ന നിര്‍ദേശങ്ങളും നിരക്കുന്നതാണ് പ്രദര്‍ശനം. മാലിന്യനിർമാര്‍ജനം, അവയുടെ പുനരുപയോഗം, മണ്ണിനും പ്രകൃതിക്കും ദോഷം വരുത്താതെയുള്ള കൃഷിരീതികള്‍, പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദമാര്‍ഗങ്ങളും കുരുന്നുശാസ്ത്രജ്ഞരുടെ പക്കലുണ്ട്. ഉപയോഗശേഷം ഭക്ഷ്യയോഗ്യമായ സ്പൂണ്‍, ഖാദിതുണികൊണ്ട് നിര്‍മിക്കുന്ന അഗ്രോ ബാഗുകള്‍, മണ്ണിന് ദോഷം വരാത്ത സോപ്പുപൊടി, ബയോ ഹെയര്‍ഡൈ തുടങ്ങി നിരവധി പുത്തന്‍ ആശയങ്ങളാണ് ബാലശാസ്ത്ര കോണ്‍ഗ്രസിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന ശാസ്ത്രപ്രതിഭകള്‍ക്ക് ഭാവിയിലേക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധരുടെ സഹായം ഇവിടെയുണ്ട്. തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് പകര്‍പ്പവകാശം, പേറ്റൻറ് എന്നിവ നേടുന്നതിനും അവയുടെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിൻെറ വിദഗ്ധ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.