തിരുവനന്തപുരം: ജനമൈത്രി പൊലീസ് സംവിധാനത്തിന് ജനങ്ങളുടെ സഹകരണം ഉറപ്പിക്കാനായി പരേഡും ബാൻഡ് മേളവുമായി പൊലീസ് ജനങ്ങൾക്കിടയിലേക്ക്. ജനമൈത്രി പൊലീസ് സംവിധാനവുമായി വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും അകലം പാലിക്കുന്ന സാഹചര്യത്തിൽ അതിന് പരിഹാരം കാണുന്നതിനാണ് ഇൗ നീക്കം. പൊലീസ് സ്റ്റേഷനുകൾ, ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ നടന്നുവരുന്ന ആഴ്ച പേരഡുകൾ ഇനി പൊതുമൈതാനങ്ങളിൽ നടത്തണമെന്നാണ് ഡി.ജി.പിയുടെ നിർദേശം. സ്റ്റേഷനുകൾക്കും ബറ്റാലിയനുകൾക്കും സമീപമുള്ള പൊതുസ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പരേഡ് നടത്തുകയാണെങ്കിൽ പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ സാധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ബന്ധപ്പെട്ട പൊലീസ് മേധാവികൾക്ക് നൽകിയ സർക്കുലറിൽ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസിൻെറയും ബറ്റാലിയനുകളുടെയും ബാൻഡ് ഗ്രൂപ്പുകൾ നഗരങ്ങളിലെ ജനത്തിരക്കുള്ള പ്രധാന സ്ഥലങ്ങളിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ബാൻഡ് പ്രകടനം നടത്തണം. ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ഇങ്ങനെ ചെയ്താൽ കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ സാധിക്കുമെന്നും അതുവഴി ജനമൈത്രി പൊലീസ് സംവിധാനവുമായി കൂടുതൽ ബന്ധമുണ്ടാകുമെന്നുമാണ് ഡി.ജി.പിയുടെ പ്രതീക്ഷ. അശ്വാരൂഢസേനയെ തിരുവനന്തപുരം നഗരത്തിലെ മിക്ക സ്ഥലങ്ങളിലും പ്രവൃത്തിസമയങ്ങളിൽ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. കുതിരകളുടെ വ്യായാമത്തിനും ഇത് സഹായകമാകുമെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ 'കുതിര പൊലീസിൻെറ' സേവനം രാത്രി പട്രോളിങ്ങിന് മാത്രമാണ് ഉപയോഗിക്കുന്നത്. നാമമാത്രമായ കുതിരകളെ മാത്രമാണ് അതിന് ഉപയോഗിക്കുന്നതും. ആ സാഹചര്യം ഒഴിവാക്കി അശ്വാരൂഢസേനയിലെ ഭൂരിഭാഗം കുതിരകളെയും പകൽ തിരക്കുള്ള സമയങ്ങളിൽ നഗരത്തിലിറക്കാനാണ് നിർദേശം. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.