ഡി.ജെ പാര്‍ട്ടികള്‍ക്ക്​ സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി എത്തിയ യുവാവ് പിടിയിൽ

-പടം- തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്കുവേണ്ടി സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി എത്തിയ യുവാവ് എക്‌സൈസ് പിടിയിലായി. പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലെയിനില്‍ രാധാ മന്ദിരത്തില്‍ അപ്പു എന്ന അമലാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്നുള്ള ബസില്‍ മയക്കുമരുന്നുകളുമായി എത്തിയ ഇയാളെ തമ്പാനൂരില്‍നിന്നാണ് പിടികൂടിയത്. മാരക മയക്കുമരുന്നുകളില്‍ പെട്ട രണ്ടു ഗ്രാം എം.ഡി.എം.എ, 22 ഗ്രാം ഹഷീഷ് ഓയിൽ, 500 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ബംഗളൂരു മഡിവാളയില്‍നിന്നാണ് ഇയാള്‍ ലഹരിമരുന്ന് വാങ്ങിയത്. നൈജീരിയന്‍ സ്വദേശികളാണ് എം.ഡി.എം.എ കൈമാറിയത്. ഗ്രാമിന് 5000 രൂപയാണ് വില. പഠനാവശ്യത്തിന് ബംഗളൂരുവില്‍ പോയ അമല്‍ പിന്നീട് മയക്കുമരുന്ന് കച്ചവടത്തില്‍ പങ്കാളിയാവുകയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ലഹരി ഡി.ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കണ്ടെത്തി. അമലില്‍നിന്ന് ലഹരി വാങ്ങിയവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിനോദ് കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. മുകേഷ് കുമാര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ ഹരികുമാര്‍, കൃഷ്ണരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുബിന്‍, ജസീം, ജിതേഷ്, രാജേഷ്, ബിനു, ശ്രീലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.