ശബരിമല : സന്നിധാനത്ത് ഇനി മുതൽ കാണിക്ക എണ്ണുന്നത് തിരുപ്പതി മോഡലിൽ. കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാകാതെ സന്നിധാനത്തെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് കാണിക്ക എണ്ണൽ തിരുപ്പതി മോഡലിലാക്കിയത്. എട്ടു കോടിയോളം രൂപയുടെ നാണയങ്ങളാണ് എണ്ണിത്തിട്ടപ്പെടുത്താനാകാതെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടി കിടക്കുന്നത്. നാണയങ്ങൾ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി ബാങ്കിന് കൈമാറുന്ന രീതിയാണ് ഞായറാഴ്ച ആരംഭിച്ചത്. ഒരു രൂപയുടെ 264 നാണയങ്ങൾ ചേരുമ്പോൾ ഒരു കിലോ ആകും. ഇതേ മാതൃകയിലാണ് നാണയങ്ങൾ ഇനി മുതൽ തരം തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തുക. ശ്രീകോവിലിന് മുന്നിലെ പ്രധാന കാണിക്കയിലെയും സന്നിധാനത്തിൻെറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 145 കാണിക്ക വഞ്ചികളിലെയും പണമാണ് ഭണ്ഡാരത്തിൽ എത്തുന്നത്. പുതിയ ഭണ്ഡാരത്തിൻെറ സ്ഥല പരിമിതി മൂലം കാണിക്ക എണ്ണി തിട്ടപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നാണയങ്ങൾ എണ്ണുന്നത് തിരുപ്പതി മോഡലിലാക്കാൻ ബോർഡ് ആലോചിച്ചത്. ഹൈകോടതിയുടെയും ദേവസ്വം ബോർഡിൻെറയും അംഗീകാരം ലഭിച്ചതോടെയാണ് നാണയം തൂക്കി ബാങ്കിന് കൈമാറുന്ന രീതി നടപ്പാക്കിയതെന്ന് ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ വി.എസ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.