പത്തനാപുരം: മേഖലയിലെ പഞ്ചായത്തുകളില്‍ മാലിന്യമുക്തഗ്രാമം പദ്ധതി കടലാസിലൊതുങ്ങി. നാട് മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതികളൊന്നും ലക്ഷ്യം കണ്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളും പൊതുസ്ഥലങ്ങളിലേക്കു വലിച്ചെറിയുന്നതിന് തടയിടാൻ കഴിഞ്ഞിട്ടില്ല. ഹരിതകേരളം മിഷനുമായി സഹകരിച്ച് പഞ്ചായത്തുകൾ ഹരിതകർമസേന രൂപവത്കരിച്ചിരുന്നുവെങ്കിലും അവയും ഫലപ്രാപ്തിയില്‍ എത്തിയില്ല. വാർഡ് അടിസ്ഥാനത്തിലുള്ള സേനാംഗങ്ങൾ എല്ലാ വീടുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിക്കും. ഇവ പിന്നീട് പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുന്ന കേന്ദ്രത്തിൽ എത്തിച്ച് പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ സംസ്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യമൊക്കെ പ്ലാസ്റ്റിക് ശേഖരണവും സംഭരണവും മുറയ്ക്കു നടന്നു. പഞ്ചായത്ത് ആസ്ഥാനങ്ങളിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് കൊണ്ടുപോകാൻ ആളെത്താത്തതിനാൽ ശേഖരണം നിർത്തിെവച്ചു. പിറവന്തൂർ പഞ്ചായത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് കുമിഞ്ഞുകൂടിയതോടെ കടയ്ക്കാമണിലേക്കു മാറ്റി. സ്വന്തം നിലക്ക് പുനരുപയോഗിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പദ്ധതി വൈകിത്തുടങ്ങിയ പട്ടാഴിപോലുള്ള പഞ്ചായത്തുകളിൽ വീടുകളിൽനിന്നുള്ള ശേഖരണം നടക്കുന്നുണ്ട്. എന്നാൽ, റീസൈക്ലിങ് കേന്ദ്രത്തിലേക്കു മാറ്റുന്നത് മുറയ്ക്കു നടന്നില്ലെങ്കിൽ പ്ലാസ്റ്റിക് ശേഖരണം നിർത്തിെവക്കേണ്ടിവരും. പത്തനാപുരം പട്ടണം ഉൾപ്പെടെ ഏതാനും വാർഡുകളിൽ സമ്പൂർണശുചിത്വം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയും ലക്ഷ്യംകണ്ടില്ല. നാലുമാസം മുമ്പ് ആഘോഷമായി പദ്ധതിയുടെ ഉദ്ഘാടനം നടത്തിയതൊഴിച്ചാൽ കാര്യമായൊന്നും നടന്നില്ല. കുമിഞ്ഞുകൂടിയ മാലിന്യം കാരണം ചന്തയിൽ മൂക്കുപൊത്താതെ കയറാനാവില്ല. അറവുമാലിന്യങ്ങൾ പാതയോരങ്ങളിലും ജലാശയങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വലിെച്ചറിയുന്നത് നിർബാധം തുടരുന്നു. വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. നിരവധി അനധികൃത അറവുകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. അറവുശാലയും മാലിന്യസംസ്കരണകേന്ദ്രവും ഒരുക്കാതെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാട്ടിറച്ചി വ്യാപാരത്തിന് അനുമതി നൽകിയത്. അനധികൃത അറവുകേന്ദ്രങ്ങളും മാട്ടിറച്ചിവ്യാപാരവും വളർന്നതോടെ നാടാകെ മാലിന്യസംസ്കരണകേന്ദ്രമായി. അനധികൃത കശാപ്പിനോട് ജനരോഷം ശക്തമാവുമ്പോൾ പേരിനുമാത്രം നടപടിയുണ്ടാവും. പിന്നീടെല്ലാം പഴയപടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.