ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിന്​ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതി തുടങ്ങി

ജലക്ഷാമത്തെയും മലിനീകരണത്തെയും ജനകീയ പദ്ധതികളിലൂടെ ചെറുത്തുതോൽപിക്കുമെന്ന് വി.കെ. മധു തിരുവനന്തപുരം: ജലസ്രോ തസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷൻെറ നേതൃത്വത്തിൽ നടക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി ശുചീകരണപ്രവർത്തനത്തിലൂടെ തോടുകൾ ശുചീകരിച്ച് ഒഴുക്ക് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ജനകീയ പദ്ധതികളിലൂടെയും ബഹുജന പങ്കാളിത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ജലക്ഷാമത്തെയും മലിനീകരണത്തെയും ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരവത്കരണത്തിൻെറ ഭാഗമായി ഉയർന്നുവരുന്ന നിർമിതികളുടെയും വൻതോതിലുള്ള മാലിന്യനിക്ഷേപത്തിൻെറയും ഭാഗമായി സംസ്ഥാനം അതിരൂക്ഷമായ ജലമലിനീകരണവും ജലക്ഷാമവും നേരിടുന്ന സാഹചര്യത്തിൽ ജലസ്രോതസ്സുകളുടെ പുനരുജ്ജീവന നവീകരണത്തിനുവേണ്ടിയുള്ള യജ്ഞമാണ് 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതി. ഇതിൻെറ ഭാഗമായി ഡിസംബർ 14 മുതൽ 22 വരെ സംസ്ഥാനതലത്തിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തും. പൂവച്ചൽ പഞ്ചായത്തിൽ പൂർണ ശുചീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട കരിയംകോട്, പൂവച്ചൽ, ചാമവിള, മുതിയവിള, തോട്ടമ്പറ, മൈലോട്ടുമൂഴി, കാട്ടാക്കട മാർക്കറ്റ് എന്നീ വാർഡുകളിലൂടെ ഒഴുകുന്ന നാടുകാണി മൈലോട്ട്മൂഴി തോടും അതിൻെറ കൈവഴികളായ അഞ്ച് ഉപതോടുകളുമാണ് ശുചീകരിക്കുന്നത്. പൂവച്ചൽ പഞ്ചായത്തിന് കീഴിൽ കൈതക്കോണം ഏലാ കലുങ്കിൽവെച്ച് സംഘടിപ്പിച്ച യോഗത്തിൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഏകദിന ശുചീകരണ പ്രവർത്തനത്തോടൊപ്പം സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സംയുക്തസമിതി രൂപവത്കരിച്ച് നവീകരിച്ച തോടുകളെയും നദികളെയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കജകസ്തൂരി മാനേജിങ് ഡയറക്ടർ ഹരീന്ദ്രൻ നായർ, ഹരിത കേരളം മിഷൻ ജില്ല കോഒാഡിനേറ്റർ ഡി. ഹുമയൂൺ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ജലസാക്ഷരത സന്ദേശവുമായി ആദ്യ വിദ്യാർഥി ജല അസംബ്ലി തിരുവനന്തപുരം: കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജനകീയ ജലസംരക്ഷണ പരിപാലന പരിപാടിയായ 'വറ്റാത്ത ഉറവക്കായി ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായി ആദ്യ വിദ്യാർഥി ജലഅസംബ്ലി സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിളവൂർക്കൽ ഗ്രാമപഞ്ചായത്താണ് 150 വിദ്യാർഥികളെ പങ്കെടുപ്പിച്ച് വിദ്യാർഥി ജലഅസംബ്ലി സംഘടിപ്പിച്ചത്. കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ് നയപ്രഖ്യാപനം നിർവഹിച്ചു. വിദ്യാർഥികൾക്ക് നിയമസഭയിൽ നടക്കുന്ന നടപടിക്രമങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം ജലവിഭവ പരിപാലന സംരക്ഷണ പദ്ധതികളുടെ ബോധവത്കരണം കൂടിയാണ് ജല അസംബ്ലിയിലൂടെ ലക്ഷ്യമിടുന്നത്. ജല അസംബ്ലിയിൽ പ്രണയാ മോഹൻ സഭാ അധ്യക്ഷയായി. അഭിനന്ദ് എം.ജെ സഭാ നേതാവും ആദിത്യൻ എസ്.എൽ പ്രതിപക്ഷ നേതാവുമായി. സഭാസമ്മേളനത്തിൻെറ സമാപനയോഗം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും ഇതേ മാതൃകയിൽ വിദ്യാർഥി ജല അസംബ്ലികൾ സംഘടിപ്പിച്ച് വിദ്യാർഥികളിലൂടെ ജലസമൃദ്ധി പദ്ധതിയുടെ ജലസാക്ഷരതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ജലഅസംബ്ലികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.