പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമം; അതിന് മുന്നിൽ ഇന്ത്യ മുട്ടുകുത്തില്ല -പിണറായി തിരുവനന്തപുരം: ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുമ്പോൾ അതിന് മുന്നിൽ ഇന്ത്യ മുട്ടുകുത്തില്ലെന്നും നമ്മൾ നിശ്ശബ്ദരാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമതശബ്ദം ഉയർത്തിയതിൻെറ പേരിൽ വെടിയേറ്റുമരിച്ച ഗൗരി ലങ്കേഷിൻെറയും നരേന്ദ്ര ദാബോൽക്കറിൻെറയും കുൽബർഗിയുടെയും ശബ്ദങ്ങൾ മുഴങ്ങുന്ന രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അർജൻറീനിയൻ സംവിധായകൻ ഫെര്‍ണാണ്ടോ സൊളാനസിനെപ്പോലൊരാൾ ഇരിക്കുന്നത്. അർജൻറീനിയൻ സർക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോടതിയിൽ മൊഴിനൽകിയതിന് തെരുവിൽവെച്ച് അദ്ദേഹത്തിന് വെടിയേറ്റു. വെടികൊണ്ട് ആംബുലൻസിൽ കയറ്റുമ്പോഴും അദ്ദേഹം വിളിച്ചുപറഞ്ഞത് 'അർജൻറീന മുട്ടുകുത്തുകയില്ല, ഞാൻ നിശ്ശബ്ദനാകാൻ പോകുന്നില്ലെന്നുമാണ്'. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ അദ്ദേഹത്തിൻെറ വാക്കുകൾ ആവർത്തിക്കേണ്ടിയിരിക്കുന്നു 'ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മൾ നിശ്ശബ്ദരാകാനും പോകുന്നില്ല' -മുഖ്യമന്ത്രി പറഞ്ഞു. സമഗ്രാധിപത്യത്തിനും ഫാഷിസത്തിൻെറ പ്രവണതകൾക്കും മുന്നിൽ വഴങ്ങാതെ നിവർന്നുനിൽക്കാനും അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാനുമുള്ള നിശ്ചയദാർഢ്യം ആർജിക്കുന്നതിന് സൊളാനസിനെപ്പോലുള്ളവരുടെ സിനിമകൾ സഹായിക്കും. സ്വാതന്ത്ര്യമായി ശ്വസിക്കാനുള്ള ഇന്ത്യയിലെ ഏകയിടം കേരളമെന്നാണ് ഐ.എഫ്.എഫ്.കെ വേദിയിൽ മുൻകാലങ്ങളിൽ വന്നുപോയ പ്രകാശ് രാജിനെപ്പോലുള്ളവർ പറഞ്ഞത്. അടിച്ചമർത്തപ്പെട്ടവർക്കും മർദിതർക്കും പീഡിതർക്കും ഒപ്പമാണ് ഈ മേള എന്നും നിലകൊള്ളുന്നത്. അത് അങ്ങനെ തന്നെ നിലനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും അത് തുടരേണ്ടതുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിശാലമായ ലോകമാണ് ഇന്ത്യയിൽ നാം സ്വപ്നം കാണുന്നതെന്നും അത് ചുരുങ്ങിപ്പോകുന്നതിൽ ദുഃഖമുണ്ടെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.