തിരുവനന്തപുരം: നഗരത്തിൻെറ ഭരണചക്രം തിരിക്കാനെത്തുന്ന നാൽപ്പത്തിനാലാമനാര്? ഉത്തരം െചാവ്വാഴ്ചയറിയാം. രാവിലെ 11 ന് നഗരസഭയിൽ മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വരണാധികാരിയായ കലക്ടർ കെ. ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കും. സ്ഥിരംസമിതി ചെയർമാനായ കെ. ശ്രീകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എം.ആർ. ഗോപൻ ബി.ജെ.പിയുടെയും ഡി. അനിൽകുമാർ യു.ഡി.എഫിൻെറയും സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്. മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂർക്കാവ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 100ൽ 43 അംഗങ്ങൾ മാത്രമാണ് എൽ.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 35ഉം യു.ഡി.എഫിന് 21ഉം അംഗങ്ങളുമുണ്ട്. ബി.ജെ.പിയും യു.ഡി.എഫും ഒരുമിച്ചൊരു നിലപാടിലെത്തിയാൽ കേവല ഭൂരിപക്ഷമില്ലാത്ത എൽ.ഡി.എഫിന് തെരഞ്ഞെടുപ്പ് കടമ്പ കടക്കുന്നയെന്നത് ശ്രമകരമാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് 11 മാസം മാത്രം ശേഷിക്കെ യു.ഡി.എഫിൻെറയും ബി.ജെ.പിയുടെയും ഭാഗത്തുനിന്ന് അവസാനനിമിഷമൊരു അട്ടിമറി എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. തുടക്കത്തിൽ സി.പി.എം സ്ഥാനാർഥിക്കെതിരെ പൊതുസ്വതന്ത്രനെ നിർത്താൻ ബി.ജെ.പിയും യു.ഡി.എഫും ചരടുവലികൾ നടത്തിയെങ്കിലും ശ്രീകാര്യത്തെ സ്വതന്ത്ര കൗൺസിലർ ലതാകുമാരി അനങ്ങിയില്ല. സി.പി.എം ജില്ല നേതൃത്വത്തെ പിണക്കാനില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. തുടർന്ന് യു.ഡി.എഫിലെ ചില കൗൺസിലർമാരും ബി.ജെ.പി പിന്തുണ തേടാനുള്ള ശ്രമം നടത്തിയെങ്കിലും ജില്ല കോൺഗ്രസ് നേതൃത്വം ഇടപെട്ട് അത് തടഞ്ഞു. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് കേരളത്തിലെമ്പാടും മുന്നണിക്ക് ദോഷം ചെയ്യുമെന്നും അതിനാൽ ബി.ജെ.പി പിന്തുണ വേണ്ടെന്നും നേതാക്കൾ അറിയിക്കുകയായിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.