തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനുള്ള കാലാവധിയിൽ കുറവുവരുത്തി ആഭ്യന്തരവകുപ്പ് ഉത്തര വിറക്കി. ഡി.ജി.പി ലോക്നാഥ് ബെഹ്റ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് ഉത്തരവ്. ഗ്രേഡ് പ്രമോഷൻ നൽകുന്നത് സർക്കാറിന് സാമ്പത്തികബാധ്യത സൃഷ്ടിക്കില്ലെന്നും പൊലീസുകാരുടെ പ്രവർത്തനമികവ് വർധിപ്പിക്കുമെന്നായിരുന്നു ഡി.ജി.പിയുടെ ശിപാർശ. 12 വർഷം സർവിസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഒാഫിസറെ (സി.പി.ഒ) സീനിയർ സി.പി.ഒമാരായും 20 വർഷം പൂർത്തിയാക്കിയ എസ്.സി.പി.ഒമാരെ എ.എസ്.െഎയായും 25 വർഷം സർവിസ് പൂർത്തിയാക്കിയ എ.എസ്.െഎമാരെ എസ്.െഎമാരായും സ്ഥാനക്കയറ്റം നൽകി നിയമിക്കാനാണ് ഉത്തരവായത്. നിലവിൽ യഥാക്രമം 15, 22, 27 വർഷങ്ങളായാൽ മാത്രമേ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നുള്ളൂ. അതിനാൽ പലർക്കും അർഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കാതെ സർവിസിൽനിന്ന് വിരമിക്കേണ്ട സാഹചര്യമായിരുന്നു. അതിനാണ് പുതിയ ഉത്തരവിലൂടെ പരിഹാരമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് നേരിടുന്ന ദുരവസ്ഥക്ക് മാറ്റംവരുത്തി ഗ്രേഡ് പ്രമോഷൻ ആദ്യമായി അനുവദിച്ചത് 2006ലാണ്. ഇപ്പോൾ പൊലീസ് സംഘടനകളുടെകൂടി ആവശ്യം പരിഗണിച്ചാണ് ഡി.ജി.പി നിലവിലെ വ്യവസ്ഥ മാറ്റണമെന്ന ശിപാർശ നൽകിയത്്. ഉത്തരവിൽ ഒപ്പുെവച്ച മുഖ്യമന്ത്രിക്കും ശിപാർശ സമർപ്പിച്ച ഡി.ജി.പിക്കും കേരള പൊലീസ് അസോസിയേഷനും പൊലീസ് ഒാഫിസേഴ്സ് അസോസിയേഷനും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.