മലയോര ഹൈവേ നിർമാണം: ഗതാഗതക്കുരുക്കിൽ വലഞ്ഞ്​ ജനം

കുളത്തൂപ്പുഴ: മലയോര ഹൈവേ നിര്‍മാണം പുരോഗമിക്കുന്നതിനിടെ ദിനംപ്രതി ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം. കുളത്തൂപ്പുഴ-അഞ്ചല്‍ പാതയുടെ നിര്‍മാണത്തിൻെറ ഭാഗമായി കുളത്തൂപ്പുഴ ടൗണ്‍ മുതല്‍ വലിയേലവരെയുള്ള ഒന്നരകിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ നിലവില്‍ എട്ടിലധികം കലുങ്കുകളുടെ നിർമാണം നടക്കുകയാണ്. കഴിഞ്ഞരാത്രി രണ്ടിടത്ത് പുതിയതായി കുഴി തോണ്ടുകയും ചെയ്തു. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാവുന്നവിധത്തില്‍ റോഡ് നിര്‍ത്തി ബാക്കി മുഴുവന്‍ ഇടിച്ച് തോണ്ടി കുഴിയാക്കി കലുങ്ക് നിർമിക്കുന്നരീതിയാണ് തുടരുന്നത്. ഒരുവശത്ത് കലുങ്ക് നിർമാണം പകുതി പൂര്‍ത്തിയാക്കിയശേഷം അടുത്ത സ്ഥലത്ത് കലുങ്കിനായി കുഴിയെടുക്കുകയാണ് ചെയ്യുന്നത്. പുതിയതായി നിര്‍മിച്ച കുഴിയെ സംബന്ധിച്ച് അകലെ നിന്നുമെത്തുന്ന വാഹനങ്ങള്‍ക്ക് ദൃശ്യമാകുന്നതരത്തില്‍ അപകടസൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പോ സ്ഥാപിച്ചിട്ടില്ല. ഇതോടെ പലപ്പോഴും വാഹനങ്ങള്‍ ഇടുങ്ങിയപാതയില്‍ കുടുങ്ങുന്നതിനും കാരണമാകുന്നുണ്ട്. മിക്കദിവസവും രാവിലെ സ്കൂളിലേക്കും ഓഫിസുകളിലേക്കും പോകുന്നവര്‍ മണിക്കൂറോളം വഴിയില്‍ കുടുങ്ങിക്കിടക്കുന്നത് പതിവുകാഴ്ചയാണ്. തിങ്കളാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി ബസും സ്കൂള്‍ ബസും കൂട്ടിയുരസി ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മുഴുവന്‍ കലുങ്കുകളുടെയും ഒരുവശത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം മറുഭാഗം നിര്‍മാണം ആരംഭിക്കുകയാണെങ്കില്‍ യാത്രികര്‍ക്ക് വഴിയില്‍ കുടുങ്ങാതെ കടന്നുപോകാന്‍ കഴിയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.