കവളപ്പാറ രക്ഷാപ്രവര്‍ത്തനം: എ.ഡി.എം നേതൃത്വം നല്‍കും

ക്യാമ്പുകളിൽ ഭക്ഷണസാധനങ്ങള്‍ എത്തിക്കും ക്യാമ്പ് ഓഫിസർമാർക്ക് 25,000 രൂപ നല്‍കും കൂടുതല്‍ ശുചിമുറികള്‍ ക്രമീകരിക്കും എടക്കര: പോത്തുകല്ല് കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് (എ.ഡി.എം) നേതൃത്വം നല്‍കും. അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പോത്തുകല്ല് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തിനുശേഷം മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് വിവരങ്ങളറിയിച്ചത്. ദിവസവും രാവിലെ പത്തിന് എ.ഡി.എമ്മിൻെറ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. 15 ദുരിതാശ്വാസ ക്യാമ്പുകളാണ് പോത്തുകല്ല് പഞ്ചായത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആനക്കല്ലിലെ ഒരു വീടും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നുണ്ട്. 60 പേരാണ് അവിടെയുള്ളത്. എല്ലാ ക്യാമ്പുകളിലും ആവശ്യത്തിന് ഭക്ഷണസാധനങ്ങള്‍ എത്തിക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന സഹായങ്ങള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുസംഭരണ കേന്ദ്രത്തിലെത്തിക്കും. അവിടെനിന്ന് ഓരോ ക്യാമ്പ് ഓഫിസര്‍മാരും അറിയിക്കുന്നതനുസരിച്ച് സാധനങ്ങള്‍ വിതരണം ചെയ്യും. വെള്ളം കയറി മലിനമായ വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി ഞായറാഴ്ചയും പെരുന്നാള്‍ കഴിഞ്ഞുള്ള ദിവസങ്ങളിലുമായി ചെയ്യും. സ്ഥലത്ത് നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അവിടെ തന്നെ സൗകര്യപ്രദമായ സ്ഥലത്ത് എത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഓരോ ക്യാമ്പിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ ക്യാമ്പ് ഓഫിസര്‍വശം 25,000 രൂപ നല്‍കാനും തീരുമാനിച്ചു. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും ക്യാമ്പ് ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുക. ആളുകളുടെ എണ്ണമനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ താൽക്കാലിക ശുചിമുറികള്‍ ക്യാമ്പുകളില്‍ ക്രമീകരിക്കാനും തീരുമാനമായി. പോത്തുകല്‍ പെട്രോള്‍ പമ്പിലേക്ക് ഒരു ലോഡ് ഇന്ധനം അത്യാവശ്യമായി എത്തിക്കാനും നിര്‍ദേശം നല്‍കി. കഴിയുന്നതും സന്നദ്ധ പ്രവര്‍ത്തനത്തിന് പ്രത്യേക ബ്രാന്‍ഡിലെത്തരുതെന്ന് മന്ത്രി കെ.ടി. ജലീല്‍ അഭ്യര്‍ഥിച്ചു. മൊബൈല്‍ ടവര്‍ പ്രവർത്തനക്ഷമമാക്കുക, റോഡുകളിലെ ചളി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുക, എല്ലാ ക്യാമ്പുകളിലും മതിയായ കുടിവെള്ളവും വെളിച്ചവും എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകരന്‍പിള്ള, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.