ആദിവാസി കുട്ടികൾ ഹോസ്​റ്റൽ വിട്ടത് സീനിയർ കുട്ടികളുടെ റാഗിങ്​ മൂലമെന്ന് പൊലീസ്​

മൂന്നാർ: എം.ആർ.എസ് സ്കൂളിലെ ആദിവാസി കുട്ടികൾ ശനിയാഴ്ച പുലർച്ച ഹോസ്റ്റൽ വിട്ടത് സീനിയർ കുട്ടികളുടെ റാഗിങ് മൂലമെന്ന് മൂന്നാർ ഡിവൈ.എസ്.പി എം. രമേഷ് കുമാർ. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ വാർഡനും അധ്യാപകർക്കുമെതിരെ കേസെടുത്തു. വിവിധ കുടികളിൽനിന്ന് പഠനത്തിനെത്തിയ 23 വിദ്യാർഥികളാണ് ഹോസ്റ്റൽ വാർഡൻ അറിയാതെ വീടുകളിലേക്ക് മടങ്ങിയത്. സ്കൂളിൽ സീനിയർ കുട്ടികൾ ഇവരെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. വൈകീട്ട് സീനിയർ കുട്ടികളോടൊപ്പമാണ് ഇടമലക്കുടികളിലെയടക്കം കുട്ടികൾ താമസിക്കുന്നത്. ഹോസ്റ്റൽ മുറിയിലും പീഡനം തുടർന്നതോടെയാണ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വാർഡനും അധ്യാപകരും കുട്ടികളുടെ സംരക്ഷണത്തിനായി ഒന്നും ചെയ്തില്ല. ഉപദ്രവം സഹിക്കവയ്യാതെയാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയതോടെയാണ് വാർഡനും ബന്ധപ്പെട്ട അധ്യാപകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ എണ്ണം കൂടുമെന്നാണ് ഡിവൈ.എസ്.പി പറയുന്നത്. സമാന സംഭവങ്ങൾ മറയൂരിലെ ഹോസ്റ്റലുകളിലും നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.