കല്ലമ്പലത്ത് കനത്ത മഴ തുടരുന്നു: രണ്ട് വീടുകൾ തകർന്നു

കല്ലമ്പലം: മഴ ശക്തമായി തുടരുന്ന കല്ലമ്പലം മേഖലയിൽ വ്യാപക നഷ്ടം. ഒറ്റൂർ പഞ്ചായത്തിലും കരവാരം പഞ്ചായത്തിലും ഓരോ വീടുകൾ തകർന്നു. ഒറ്റൂർ തോപ്പിൽ ചരുവിള വീട്ടിൽ ലളിതയുടെ വീട് കഴിഞ്ഞ നിവസം വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പൂർണമായും തകർന്നു. അടുക്കളയും രണ്ടു മുറികളുമടങ്ങുന്ന ഓടിട്ട വീടാണ് തകർന്നത്. സംഭവ സമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടി.വി, ഫാനുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കട്ടിൽ, മേശ, കസേര തുടങ്ങി വീട്ടുപകരണങ്ങളെല്ലാം നശിച്ചു. ആലംകോട് പള്ളിമുക്ക് ബുഷ്റ മൻസിലിൽ മുഹമ്മദ് താഹിറിൻെറ വീട് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് തകർന്നു. ഇവിടെയും ആളപായമില്ല. മേഖലയിൽ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മരങ്ങൾ കടപുഴകിയും മരച്ചില്ലകളൊടിഞ്ഞ് വൈദ്യുതി ലൈനുകളിൽ വീണും വൈദ്യുതി നിലച്ചു. ഗ്രാമീണ റോഡുകളിൽ ഗതാഗതം നിലച്ചു. വൈദ്യുതി അധികൃതർ കിണഞ്ഞു ശ്രമിച്ചാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നാവായിക്കുളം, കരവാരം പഞ്ചായത്തുകളിൽ വാഴകളും മറ്റു പച്ചക്കറി വിളകളും വ്യാപകമായി നശിച്ചു. കരവാരം കൃഷിഭവൻ 11, 12 തീയതികളിലും തുറന്ന് പ്രവർത്തിക്കുമെന്നും കാർഷിക വിളകൾ നഷ്ടപ്പെട്ടവർ 9746682765 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.