തിരുവനന്തപുരം: സംസ്ഥാനത്ത് 1300ഓളം ക്യാമ്പുകളിലായി പിഞ്ചുകുഞ്ഞുങ്ങളടക്കം 1.65 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഭക് ഷണത്തിനും മാറിയുടുക്കാനുള്ള വസ്ത്രത്തിനുമായി കേഴുമ്പോൾ, അതിനെതിരെ മുഖംതിരിച്ച് തിരുവനന്തപുരം കലക്ടറും ജില്ല ഭരണകൂടവും. മുഖ്യമന്ത്രിയടക്കമുള്ളവർ ദുരിതബാധിതകർക്ക് സഹായമെത്തിക്കണമെന്നും കൂടുതൽ കലക്ഷൻ സൻെററുകളും റിലീഫ് ക്യാമ്പുകളും ആരംഭിക്കണമെന്നും നിർദേശം നൽകുമ്പോഴും നിലവിൽ അതിൻെറ ഒന്നും ആവശ്യമില്ലെന്ന നിലപാടിലാണ് കലക്ടർ കെ. ഗോപാലകൃഷ്ണൻ. കൂടാതെ പ്രളയത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥർ അവധി എടുക്കരുതെന്നും അവധിയിൽ പ്രവേശിച്ചവർ അടിയന്തരമായി തിരികെ ജോലിക്ക് പ്രവേശിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ കലക്ടർ ഗോപാലകൃഷ്ണൻ ഞായറാഴ്ച അവധിയിൽ പ്രവേശിച്ചതും വിവാദമായിട്ടുണ്ട്. കഴിഞ്ഞദിവസം ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വിഡിയോ പോസ്റ്റിലൂടെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തരമായി സഹായമെത്തിക്കേണ്ടതില്ലെന്ന് കലക്ടർ പൊതുജനങ്ങളോട് പറഞ്ഞത്. വിഡിയോയിലെ ഗോപാലകൃഷ്ണൻെറ വാക്കുകൾ ഇങ്ങനെ -പ്രളയവുമായി ബന്ധപ്പെട്ട് മറ്റ് ജില്ല കലക്ടർമാരുമായി സംസാരിച്ചിരുന്നു. അവർക്ക്് ആവശ്യമുള്ള കാര്യങ്ങളെല്ലാം പ്രാദേശികമായ രീതിയിൽതന്നെ ചെയ്യുന്നുണ്ട്. അത്രവലിയ ആവശ്യം ഇപ്പോൾ ഉയർന്നുവന്നിട്ടില്ല. വളൻറിയർമാരായി പ്രവർത്തിക്കാൻ സന്നദ്ധതയറിയിച്ചും ഭക്ഷണം നൽകാനും മറ്റുമായി ഒരുപാട് കോളുകൾ തനിക്ക് വരുന്നുണ്ട്. പ്രളയബാധിത മേഖലകളിലെല്ലാം ഇപ്പോൾ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രക്ഷാപ്രവർത്തനത്തിനാണ്. അത്യാവശ്യമായ കാര്യങ്ങൾ ഒന്നുമില്ല. ഒന്നോരണ്ടോ ദിവസംകൂടി കാത്തിരിക്കാം. മോശമായി ബാധിച്ച വയനാടും മലപ്പുറത്തും പലയിടത്തും എത്തിപ്പെടാൻ തന്നെ കഴിയുന്നില്ല. കുറച്ചുകൂടി കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ കിട്ടും. അപ്പോൾ നമുക്ക് സഹായമെത്തിക്കാം'. എല്ലാവരും കേരള റെസ്‌ക്യു.ഇൻ/വളൻറിയറിൽ രജിസ്റ്റർ ചെയ്യണമെന്നും കലക്ടർ പറയുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ഇത്തരം തണുപ്പൻ സമീപനം സഹായകരമാവില്ലെന്നാണ് വിമർശനം. പ്രത്യേകിച്ച് കലക്ഷൻ സൻെറുകളിൽ ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ലെന്ന പരാതികൾ ഉയരുമ്പോൾ. കഴിഞ്ഞതവണ പ്രളയം കേരളത്തെയാകെ വിഴുങ്ങിയപ്പോൾ മുൻ തിരുവനന്തപുരം കലക്ടർ വാസുകിയുടെ നേതൃത്വത്തിൽ വളൻറിയർമാർ മാതൃകപരമായ സേവനമാണ് കാഴ്ച െവച്ചത്. അന്ന് വാസുകിയുടെ ഫേസ്ബുക്ക് വിഡിയോ ആയിരുന്നു വിദ്യാർഥികളടക്കമുള്ള ആയിരങ്ങളെ കലക്ഷൻ സൻെറുകളിലേക്ക് എത്തിച്ചത്. തിരുവനന്തപുരത്തുനിന്നാണ് അന്ന് സംസ്ഥാനത്തിൻെറ പ്രളയബാധിത ജില്ലകളിലേക്ക് കൂടുതലായി ഭക്ഷണവും വസ്ത്രങ്ങളുമടക്കമുള്ളവ ഒഴുകിയെത്തിയത്. എന്നാൽ ഇത്തവണ അത്തരമൊരു നീക്കം ജില്ല കലക്ടറുടെയോ ബന്ധപ്പെട്ട അധികാരികളുടെയോ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കലക്ഷൻ സൻെറുകളിൽ നിന്നുള്ളവർ പറയുന്നു. ഇത്തവണയും തിരുവനന്തപുരത്ത് കോർപറേഷനിലടക്കം കലക്ഷൻ സെൻർ തുടങ്ങിയിട്ടുണ്ട്. എന്നാൽ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട ജില്ല ഭരണകൂടം ഇപ്പോഴും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.