തിരുവനന്തപുരം: പണം കൊണ്ടുണ്ടാക്കുന്ന കൃത്രിമ സാങ്കേതികതയുടെ ആർഭാടമല്ല സിനിമയെന്നും പ്രതിഭയുടെ ശ്രദ്ധാപൂർണ മായ ഉപയോഗമാണെന്നും ഒരു കാലഘട്ടത്തിനു മുന്നിൽ തെളിയിച്ച എം.ജെ. രാധാകൃഷ്ണന് ഒടുവിൽ ദേശീയ അംഗീകാരവും. ലോക്സഭ തെരഞ്ഞെടുപ്പും പെരുമാറ്റ ചട്ടവും കാരണം വൈകി പ്രഖ്യാപിച്ച ദേശീയ പുരസ്കാരം നെഞ്ചോട് ചേർത്തുവാങ്ങാൻ മലയാളത്തിൻെറ പ്രിയ എം.ജെ ഇല്ലെങ്കിലും കാലയവനികക്കുള്ളിൽ മറഞ്ഞ ആ കലാകാരനുവേണ്ടി മലയാള സിനിമ ആ പുരസ്കാരം ഏറ്റുവാങ്ങും. പിന്നാലെ കടന്നുവന്ന പലരും പുരസ്‌കാര ജേതാക്കളായിട്ടും രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച എം.ജെ പരിഗണിക്കപ്പെട്ടിരുന്നില്ല. തുടക്കകാലത്ത് എം.ജെ. അസോസിയേറ്റ് ആയി പ്രവർത്തിച്ച ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'ഓള്' അദ്ദേഹത്തിന് ആദ്യത്തെയും അവസാനത്തെയും ദേശീയ പുരസ്കാരം നേടിക്കൊടുത്തു എന്നതും യാദൃശ്ചികം മാത്രം. കഴിഞ്ഞ ജൂലൈ 12നാണ് എം.ജെ. രാധാകൃഷ്ണൻ വിടവാങ്ങിയത്. എം.ജെയുടെ കാഴ്ചകളായി പിറന്ന ദേശാടനവും, കളിയാട്ടവും തുടങ്ങി പല ചിത്രങ്ങളും ദേശീയ പുരസ്‌കാര നിറവിൽ തിളങ്ങിയപ്പോഴൊന്നും അതിന് കാമറ ചലിപ്പിച്ചയാളുടെ പേര് ദേശീയ തലത്തിൽ ഉയർന്നു കേട്ടില്ല. ഒടുവിൽ തൻെറ അവസാന ചിത്രമായ 'ഓളി'ലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ആ കലാകാരനോടുള്ള കാവ്യനീതികൂടിയായി. പുരസ്കാരനേട്ടത്തിൽ സന്തോഷവും അത് ഏറ്റുവാങ്ങാൻ പിതാവ് ഇല്ലാത്തതിൽ ദുഃഖവുമുണ്ടെന്ന് ഛായാഗ്രാഹകനും എം.ജെയുടെ മകനുമായ യദുരാധാകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. ദേശീയ പുരസ്കാരം വരാൻ വൈകിയെങ്കിലും മലയാള സിനിമയിൽ ഏറ്റവും അധികം തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന കാമറാൻ എന്ന ഖ്യാതിക്ക് എം.ജെക്ക് തുല്യം മങ്കട രവിവർമ (ഏഴു തവണ) മാത്രമാണ്. ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്കോപ് (2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിൻെറ നിറം (2011), കാട് പൂക്കുന്ന നേരം (2016) തുടങ്ങിയ ചിത്രങ്ങളാണ് എം.ജെക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.