കോഴിക്കോട്: കല്ലായിയിലെ വ്യാപാരിയുടെ വീട്ടിൽ അട്ടപ്പാടി സ്വദേശിനിയായ യുവതി മൂന്ന് പതിറ്റാണ്ടോളം അടിമവേല ചെയ്തതായി ജില്ല കലക്ടർ സാംബശിവറാവു കണ്ടെത്തിയ സംഭവത്തിൽ ഭരണസ്വാധീനത്താൽ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ നീക്കം. യുവതി തൻെറ സങ്കടങ്ങൾ ആദ്യംപറഞ്ഞ വയനാട് സ്വദേശിനിയായ ഹോം നഴ്സിനും പരാതി നൽകിയ സാമൂഹികപ്രവർത്തകനും മറ്റൊരാൾക്കുമെതിരെ വ്യാപാരിയുടെ വീട്ടുകാർ വനിത കമീഷനിൽ യുവതിയെക്കൊണ്ട് പരാതി കൊടുപ്പിച്ചു. മതപരിവർത്തനം നടത്തി കടത്തിെക്കാണ്ടുപോകാൻ ശ്രമിച്ചെന്നും യുവതിയുടെ പേര് പുറത്തുവിട്ട് മാനഹാനി വരുത്തിയതിന് 75 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിയിലുള്ളത്. അതേസമയം, യുവതിയുടെ പേര് ആദ്യമായി പരസ്യപ്പെടുത്തിയത് ജില്ല കലക്ടറുെട റിപ്പോർട്ടിലാണ്. 'മാധ്യമം' നൽകിയ വാർത്തയെ തുടർന്ന് വനിത കമീഷനും കലക്ടറും അടിമവേല വിഷയത്തിൽ ഇടപെടുകയും 8.86 ലക്ഷം രൂപ യുവതിക്ക് വേതന കുടിശ്ശിക അനുവദിക്കാൻ ലേബർ വകുപ്പ് നിർദേശം നൽകുകയും ചെയ്തിരുന്നു. കലക്ടറോടും വനിത കമീഷനോടും നേരത്തേ പറയാത്ത കാര്യങ്ങളാണ് പുതുതായി പരാതിയായി നൽകിയത്. അടിമവേലയാണ് വ്യാപാരിയുടെ വീട്ടിൽ നടന്നതെന്ന് കലക്ടർ അഞ്ച് പേജുള്ള ഉത്തരവിൽ വ്യക്തമായി പറഞ്ഞിരുന്നു. പരിഷ്കൃത സമൂഹത്തിൽ ഒരു പൗരൻ അനുഭവിക്കേണ്ട സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെട്ട് അങ്ങേയറ്റം ആശ്രയത്വത്തോടെയാണ് യുവതി ജീവിക്കുന്നതെന്ന് കലക്ടർ റിപ്പോർട്ടറിൽ വ്യക്തമാക്കിയിരുന്നു. മൂന്നാം ക്ലാസ് വരെ പഠിച്ച കുട്ടിക്ക് പ്രാഥമിക വിദ്യാഭ്യാസവും നിഷേധിച്ചു. മുതിർന്ന ശേഷം നിയമപരമായി നൽകേണ്ട വേതനവും നിഷേധിച്ചു. ജനാധിപത്യരാജ്യത്ത് ഏതൊരു മനുഷ്യനും ആവശ്യമായ തിരിച്ചറിയൽ രേഖകൾ പോലും ഇൗ വീട്ടുകാർ കുട്ടി മുതിർന്നപ്പോൾ നൽകിയില്ല. അടിമവേല നിരോധന നിയമത്തിലെ രണ്ടാം സെക്ഷൻ പ്രകാരവും സുപ്രീംകോടതി ഉത്തരവുകൾ പ്രകാരവും ഗുരുതര കുറ്റമാണ് വീട്ടുകാർ ചെയ്തതെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ടായിരുന്നു. വനിത കമീഷനിലടക്കം വർഷങ്ങളോളം പ്രവർത്തിച്ച, ഭരണകക്ഷി മഹിള സംഘടനയുെട മുൻ സംസ്ഥാന നേതാവിൻെറ നേതൃത്വത്തിൽ അടിമവേല വിഷയം അട്ടിമറിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആക്ഷേപം. നേരത്തേ, ഒപ്പംനിന്ന അഗളി പുതൂര് പഞ്ചായത്ത് ഭരണസമിതി ഭാരവാഹിയടക്കം ഈ വനിത നേതാവിൻെറ സ്വാധീനത്താൽ തങ്ങൾക്ക് എതിരായെന്നും യുവതിയുടെ വീട്ടുകാർ പറയുന്നു. യുവതിയെ ഫോണിൽ വിളിക്കാൻപോലും കഴിയുന്നില്ലെന്ന് സഹോദരഭാര്യ പറഞ്ഞു. അതിനിടെ, 8.86 ലക്ഷം രൂപ 15 ദിവസത്തിനകം യുവതിയുടെ ബാങ്ക് അക്കൗണ്ടിലിടണെമന്നത് പാലിച്ചിട്ടില്ല. ഇത്രയും വലിയ തുക സംഘടിപ്പികാൻ സാവകാശം വേണെമന്ന അേപക്ഷയെ തുടർന്നായിരുന്നു ഇത്. തിരിച്ചറിയൽ രേഖകൾ ലഭ്യമാക്കണമെന്നതും പൂർണമായി നടപ്പാക്കിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ തുക നൽകുെമന്ന് വ്യാപാരി 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.