ഗഫൂർ ഷാ കാത്തിരിക്കുന്നു; നീതി ലഭിക്കുമോ?

കോഴിക്കോട്: ജീവനും പ്രതീക്ഷയുമായിരുന്ന ഏകമകനെ മരണം തട്ടിയെടുത്തതിൻെറ നീറുന്ന വേദനയിലാണ് ഗഫൂർ ഷാ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. അതോടൊപ്പം മകൻെറ മരണത്തിൻെറ നഷ്ടപരിഹാരം നൽകാതെ അധികൃതരും ഇദ്ദേഹത്തോട് അനീതി കാണിക്കുകയാണ്. ഒമ്പതു വർഷം മുമ്പാണ് ഗഫൂർ ഷായുടെ ഏകമകൻ മുഹമ്മദ് ഷാ സൗദിയിലെ ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചത്. ഗഫൂർ ഷായുടെ ഭാര്യ നേരത്തേ മരിച്ചതിനാൽ ഏക ആശ്രയം മകനായിരുന്നു. മകൻകൂടി മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടുപോയി ആ ജീവിതം. സൗദിയിൽനിന്ന് വിവാഹമുറപ്പിക്കാൻ നാട്ടിൽ വരാനിരിക്കെയാണ് മുഹമ്മദ് ഷാ മരിച്ചത്. എന്നാൽ, മകൻ മരിച്ചിട്ട് ഒമ്പതു വർഷമായിട്ടും അപകടമരണത്തിൻെറ നഷ്ടപരിഹാരത്തുക അദ്ദേഹത്തിന് കിട്ടിയിട്ടില്ല. റിയാദിലെ ഇന്ത്യൻ എംബസിയിലേക്കും നോർക്കക്കും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിനുമെല്ലാം പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒമ്പതു വർഷമായി നിരന്തരം ഒാഫിസുകൾ കയറിയിറങ്ങുകയാണ് ഗഫൂർ ഷാ. രേഖകൾ എല്ലാം കൈയിലുണ്ടായിട്ടും നീതിമാത്രം ലഭ്യമാകുന്നില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണെമന്നു കാണിച്ച് എം.കെ. രാഘവൻ എം.പിയും എംബസിക്ക് കത്തയച്ചിരുന്നു. എന്നാൽ, നഷ്ടപരിഹാരത്തിനു വേണ്ട നടപടിക്രമങ്ങൾ സൗദി അധികൃതർ സ്വീകരിച്ചുവരുകയാണെന്ന അറിയിപ്പ് ഇന്ത്യൻ എംബസിയിൽനിന്നു ലഭിച്ചുവെന്നല്ലാതെ മറ്റു വിവരങ്ങളൊന്നമില്ല. 85 വയസ്സായ തനിക്ക് ഇനിയും ഒാഫിസുകൾ കയറിയിറങ്ങാൻ ആവതില്ലെന്ന് അദ്ദേഹം പറയുന്നു. നാട്ടിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് മകനെ ഗൾഫിലേക്ക് അയച്ചത്. അന്നുമുതൽ വാടകവീട്ടിൽ താമസിക്കുകയാണ് ഗഫൂർ ഷാ. മകനിലായിരുന്നു എല്ലാ പ്രതീക്ഷയും. എലത്തൂർ കോരപ്പുഴയിലാണ് താമസം. മറ്റുള്ളവരുെട സഹായമില്ലാതെ ഭക്ഷണം പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ്. ഇനിയും മുന്നോട്ടുപോകാൻ സാധിക്കില്ല. നീതി ലഭിക്കാൻ ഇനിെയന്താണ് വേണ്ടതെന്നാണ് ഗഫൂർ ഷാ ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.