കൗണ്‍സിലര്‍മാരോട് മോശം പെരുമാറ്റം: ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ മേഖല യോഗത്തില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണോടും കൗണ്‍സിലര്‍മാരോടും മോ ശമായി പെരുമാറിയ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് മേഖല ഓഫിസിലെ ചാര്‍ജ് ഓഫിസര്‍ എല്‍. സിന്ധുവിനെയാണ് മേയർ വി.കെ. പ്രശാന്തിൻെറ നിർദേശാനുസരണം അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. മുമ്പ് നെട്ടയം കൗണ്‍സിലര്‍ രാജിമോളോട് മോശമായി െപരുമാറിയത് സംബന്ധിച്ചും സിന്ധുവിനെതിരെ പരാതിയുയര്‍ന്നിരുന്നു. എന്നാല്‍, അന്ന് രേഖാമൂലം പരാതി നല്‍കുന്നില്ലെന്ന് കൗണ്‍സിലര്‍ അറിയിച്ചിരുന്നു. ചാര്‍ജ് ഓഫിസറുടെ മോശമായ പെരുമാറ്റം സംബന്ധിച്ച് നിരന്തരം പരാതി ഉയര്‍ന്നപ്പോള്‍ മേയര്‍ നേരിട്ട് വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വട്ടിയൂര്‍ക്കാവ് മേഖല ഓഫിസില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷിൻെറ അധ്യക്ഷതയില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലും ജീവനക്കാരി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദമായി പെരുമാറിയെന്നാണ് പരാതി. ജീവനക്കാരിക്കെതിരെയുള്ള ചില പരാതികള്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ഇതോടെ ജീവനക്കാരി പൊട്ടിത്തെറിക്കുകയും കൗൺസിലർമാരോട് മോശമായി സംസാരിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ യോഗത്തിൽ വൻ വാക്കേറ്റമുണ്ടായി. കൗണ്‍സിലര്‍മാരായ കെ. ഹരികുമാര്‍, പി. രാജിമോള്‍ എന്നിവരില്‍നിന്ന് ലഭിച്ച പരാതികളുടെയും സിമി ജ്യോതിഷ്, യോഗത്തില്‍ പങ്കെടുത്ത സെക്രട്ടറിയുടെ പി.എ ജയകുമാര്‍ എന്നിവരുടെ റിപ്പോര്‍ട്ടിൻെറയും അടിസ്ഥാനത്തിലാണ് സിന്ധുവിനെതിരെ നടപടിക്ക് മേയർ നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.