വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ നാലുപേരും മടങ്ങിയെത്തി. പുതിയതുറ സ്വദേശികളായ ലൂ യീസ് (53), ബെന്നി (33), കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ (55), ആൻറണി (53) എന്നീ മത്സ്യത്തൊഴിലാളികളാണ് ശനിയാഴ്ച ഉച്ചയോടെ വിഴിഞ്ഞം തുറമുഖത്ത് മടങ്ങിയെത്തിയത്. ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് വിഴിഞ്ഞത്തുനിന്നും ഇവർ മത്സ്യബന്ധനത്തിന് പോയത്. വ്യാഴാഴ്ച രാവിലെ മടങ്ങിയെത്തേണ്ടതായിരുന്നു. വൈകീട്ട് മൂന്ന് മണിയായിട്ടും മടങ്ങിവരാതായതോടെയാണ് തിരച്ചിൽ തുടങ്ങിയത്. മറൈൻ എൻഫോഴ്സ്മൻെറും തീര സംരക്ഷണ സേനയും മൂന്ന് ദിവസവും നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരച്ചിൽ ഫലപ്രദമാകാത്തതോടെ അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇന്നലെ രാവിലെ മുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ തിരച്ചിലിന് വള്ളമിറക്കി. പത്ത് സംഘങ്ങളായി തിരിഞ്ഞ് 40 നോട്ടിക്കൽ മൈൽ ഉൾക്കടൽ വരെ അരിച്ചുപെറുക്കുന്നതിനിടെ കാണാതായ നാലുപേരും തങ്ങളുടെ വള്ളത്തിൽതന്നെ വിഴിഞ്ഞത്തെത്തി. അപ്രതീക്ഷിതമായി വന്നവരെ വള്ളത്തിൻെറ ഉടമയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഏറെ അവശ നിലയിലായിരുന്ന നാലുപേരെയും വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ, തങ്ങളെ രക്ഷിക്കാൻ നടപടി സ്വീകരിക്കാത്ത അധികൃതരുടെ സഹായവും ചികിത്സയും വേണ്ടെന്ന് പറഞ്ഞ് ബെന്നി വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.