അഞ്ചൽ: അമ്പത് വർഷത്തിലേറെയായി നിർമിച്ച പാർശ്വഭിത്തിയുടെ അടിസ്ഥാനം ഇളകിക്കിടക്കുന്നത് മനസ്സിലാക്കാതെ റോഡ് പുനർനിർമാണം നടത്തി ഒരു ലയർ ടാറിങ് പൂർത്തിയാക്കി. അറയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപമുള്ള ചിറയോട് ചേർന്നുള്ള റോഡിൻെറ പാർശ്വഭിത്തിയുടെ അടിഭാഗത്തെ കല്ലുകളാണ് ഇടിഞ്ഞുകിടക്കുന്നത്. നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതിൻെറ മുകളിലൂടെ പോകുന്നത്. 'കിഫ്ബി' ഫണ്ടുപയോഗിച്ച് പുനർനിർമിക്കുന്ന പൊലിക്കോട്-മെതുകുമ്മേൽ റോഡാണിത്. റോഡിനോട് ചേർന്നാണ് ഇവിടെ ചിറ സ്ഥിതിചെയ്യുന്നത്. പാർശ്വഭിത്തിയുടെ അടിസ്ഥാനത്തിൽ നിന്നും ഇരുപതടിയോളം ഉയരത്തിലാണ് റോഡ്. അപകടസാധ്യത ഏറെയുള്ള സ്ഥലത്ത് റോഡിൻെറ വീതി താരമമ്യേന കുറവാണ്. പുനർനിർമിക്കുമ്പോൾ ചിറയുടെ ഭാഗത്തെ റോഡ് വീതികൂട്ടി വളവ് കുറച്ച് അപകടരഹിതമാക്കണമെന്ന ആവശ്യം ബന്ധപ്പെട്ട അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ആവശ്യം അംഗീകരിക്കപ്പെട്ടില്ലത്രേ. വേണ്ടത്ര സ്ഥലപരിശോധന നടത്താതെയുമാണ് ഇവിടെ റോഡ് നിർമാണം ആരംഭിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. പൊതുയോഗവും അനുമോദനവും അഞ്ചൽ: അഖിലകേരള വിശ്വകർമ മഹാസഭ 1549ാം നമ്പർ അഗസ്ത്യക്കോട് ശാഖയുടെ പൊതുയോഗവും അനുമോദനവും താലൂക്ക് യൂനിയൻ സെക്രട്ടറി എസ്.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ റിട്ട. എ.ഇ.ഒ എം. ഭാസി അനുമോദിച്ചു. ശാഖ വൈസ് പ്രസിഡൻറ് ആനന്ദകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. മുരളീധരൻ, ജി. സാംബശിവൻ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും അഞ്ചൽ: ഇടമൺ-അഞ്ചൽ 66 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ അഞ്ചൽ ഈസ്റ്റ്, അഞ്ചൽ വെസ്റ്റ്, കരുകോൺ, കുളത്തൂപ്പുഴ, കരവാളൂർ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.