തൃശൂർ: വാനിൽ വർണപ്പൂത്തിരി, താഴെ അഗ്നിപ്പൂമരം... ആകാശം നിറയെ കരിമരുന്നിൻെറ വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്. പൂരാവേശം ആളിക്കത്തിച്ച് ശനിയാഴ്ച രാത്രി 7.50ന് തിരുവമ്പാടി വിഭാഗം സാമ്പിളിലെ ആദ്യ വെടിക്കൂട്ടത്തിന് തിരികൊളുത്തി. ഭൂമിയിലും ആകാശത്തും ശബ്ദവും വർണവും വാരിവിതറി മൂന്നുമിനിട്ട് നീണ്ട കരുമരുന്ന് പ്രയോഗം കൂട്ടപ്പൊരിച്ചിലോടെ അവസാനിക്കുേമ്പാൾ ആഹ്ലാദാരവം. പാറമേക്കാവ് തിരികൊളുത്താൻ എട്ടരയായി. മാനത്ത് പൂക്കളം വിതറിയ നാല് മിനുട്ട്. കൂട്ടപ്പൊരിച്ചിൽ അൽപംകൂടി കെങ്കേമം. ആഹ്ലാദാരവങ്ങൾ... കാത്തുെവച്ച കരിമരുന്ന് വിസ്മയങ്ങളുടെ ടീസറൊരുക്കുകയായിരുന്നു ശനിയാഴ്ച ഇരുവിഭാഗങ്ങളും. സുപ്രീംകോടതിയുടെ കർശനനിർദേശങ്ങൾ പാലിച്ചായിരുന്നു സാമ്പിൾ വെടിക്കെട്ട്. സുപ്രീംകോടതിയിൽ പൂരത്തിൻെറ പ്രാധാന്യമറിയിച്ച് ഇളവോടെ വാങ്ങിയ അവകാശമായ ഓലപ്പടക്കത്തിൽനിന്ന് വെടിക്കെട്ട് കത്തിക്കയറി. വീര്യവും ശബ്ദവും കൂട്ടുന്ന ബേറിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവ വെടിമരുന്നില്‍ കൂട്ടിക്കലർത്തിയിരുന്നില്ലെങ്കിലും വീര്യത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. നിറങ്ങളിൽ പച്ചയും നീലയും വൈലറ്റും ഉണ്ടായിരുന്നില്ല. പുകയും കുറവ്. ചുവപ്പും വെള്ളയും മഞ്ഞയുമായിരുന്നു നിറക്കാഴ്ചകളൊരുക്കിയത്. കാത്തിരുന്ന കൂട്ടപ്പൊരിച്ചിലിൽ കാണികൾക്ക് പലവിധ അഭിപ്രായങ്ങൾ. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി.എം. സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് വെടിക്കെട്ടൊരുക്കിയത്. എക്സ്േപ്ലാസിവ് വിഭാഗത്തിൻെറയും ജില്ല മജിസ്ട്രേറ്റുമാരുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ വെടിമരുന്നും വെടിക്കെട്ട് സാമഗ്രികളും പരിശോധിച്ചിരുന്നു. ഉപയോഗിക്കുന്നവ നേരത്തേ ലാബിൽ പരിശോധിച്ച് ഉറപ്പുവരുത്തി. സുരക്ഷയുടെ ഭാഗമായി സ്വരാജ് റൗണ്ടിൽ ഉച്ചയോടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. വൈകീട്ടോടെ സുരക്ഷാക്രമീകരണം പൂർണമായും പൊലീസ് നിയന്ത്രണത്തിലാക്കി. വടക്കുന്നാഥ ക്ഷേത്രത്തിൽ വന്ന ഭക്തർക്കും നിർദേശങ്ങൾ നൽകി. രാഗം തിയറ്റർ മുതൽ നായ്ക്കനാൽ വരെ ഭാഗത്ത് സ്വരാജ് റൗണ്ടിൽ നൂറ് മീറ്റർ മാറി മാത്രമേ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഞായറാഴ്ച രാവിലെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻെറ ശിരസ്സിലേറി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരവാതിൽ തുറക്കുന്നതോടെ പിന്നെ തൃശൂരിന് സർവം പൂരമയം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.