തിരുവനന്തപുരം: പകർച്ചവ്യാധി നിയന്ത്രണം, മാലിന്യനിർമാർജനം എന്നിവ ലക്ഷ്യമിട്ടുള്ള മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം. നഗരത്തിൽ ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണപ്രവർത്തനങ്ങളും ആരംഭിച്ചു. കോർപറേഷൻ ജീവനക്കാർക്കൊപ്പം നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കൈകോർത്തപ്പോൾ തോട് മാലിന്യമുക്തമാക്കാനുള്ള ജനകീയമുന്നേറ്റത്തിനാണ് തുടക്കമായത്. രാവിലെ കണ്ണമ്മൂലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കോർപറേഷൻെറ 540 തൊഴിലാളികളും 80 ജീവനക്കാരും ഇരുനൂറോളം സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 800 പേർ ശുചീകരണ പരിപാടികളിൽ പങ്കെടുത്തു. കോർപറേഷൻെറ രണ്ട് എക്സ്കവേറ്ററുകൾ, ഒരു പ്രൊക്ലൈനർ, ആറ് ടിപ്പർ ലോറികൾ, 25 പിക്-അപ് ഓട്ടോകൾ, ബ്രഷ് കട്ടറുകൾ എന്നിവയുൾപ്പെടെ യന്ത്രസാമഗ്രികൾ ശുചീകരണത്തിന് ഉപയോഗിച്ചു. 25 ലോഡ് മാലിന്യങ്ങളാണ് ശനിയാഴ്ച നീക്കംചെയ്തത്. തിങ്കളാഴ്ച പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്ന ശേഷം തുടർപ്രവർത്തനങ്ങൾ തീരുമാനിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. ശുചീകരണം ഞായറാഴ്ചയും തുടരും. തെറ്റിയാറിലെയും പാർവതീ പുത്തനാറിലെയും മറ്റുള്ള സ്ഥലങ്ങളിലെയും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. ശ്രീകുമാർ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, കൗൺസിലർമാരായ കരിഷ്മ, ശോഭ റാണി, ഹെൽത്ത് ഓഫിസർ എ. ശശികുമാർ എന്നിവരും പങ്കെടുത്തു. ബജറ്റ് വിഹിതം പ്രയോജനപ്പെടുത്തും -മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം: വർഷങ്ങളായി അടിഞ്ഞുകൂടിക്കിടക്കുന്ന എക്കൽ മണ്ണും മാലിന്യങ്ങളും മൂലം തോടുകളിലെ നീരൊഴുക്ക് തടസപ്പെട്ടിട്ടുണ്ടെന്നും ഇത് പൂർണമായി നീക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാറിൻെറ ബജറ്റ് വിഹിതം കൂടി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മഴക്കാലത്ത് കണ്ണമ്മൂല ഉൾപ്പെടെ ഭാഗത്ത് വെള്ളപ്പൊക്കം ഇല്ലാതാക്കുന്നതിന് ഉതകുന്ന തലത്തിൽ പാർവതീ പുത്തനാർ ശുചീകരിക്കുന്നതിനുള്ള അടിയന്തര പ്രവർത്തനങ്ങൾ കോർപറേഷൻ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.