IMP അബുവിൻെറ പാർട്ടി ബന്ധം; സമരം നടത്തിയ കോൺഗ്രസ് വെട്ടിലായി ആലുവ: വ്യാജരേഖ കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി അബു കോൺഗ്രസ് പ്രവർത്തകൻ. അബുവിൻെറ പാർട്ടി ബന്ധം പുറത്തുവന്നതോടെ വ്യാജരേഖ കേസിൽ സമരം നടത്തിയ കോൺഗ്രസ് വെട്ടിലായി. വ്യാജരേഖ ഉപയോഗിച്ച് നികത്തിയ ഭൂമിയിലേക്ക് സി.പി.എം ബന്ധം ആരോപിച്ച് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. അബുവിേൻറത് സി.പി.എം അനുഭാവ കുടുംബമായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ശ്രീഭൂതപുരം മുന്‍ മണ്ഡലം സെക്രട്ടറിയായ അബുവിന് ഐ ഗ്രൂപ്പുമായാണ് കൂടുതൽ ബന്ധമുണ്ടായിരുന്നത്. അതിനാൽതന്നെ ഐ ഗ്രൂപ്പിൽപെട്ട പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ പേരുകളിലും ഇയാൾ പല സ്വാധീനങ്ങളും ചെലുത്തി തട്ടിപ്പ് നടത്തിയിരുന്നതായി അറിയുന്നു. റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കുപുറമെ വില്ലേജ്, താലൂക്ക് തുടങ്ങി കലക്ടറേറ്റിൽവരെ ഇയാൾ പല ഇടപാടുകൾക്കും ബന്ധപ്പെട്ടിരുന്നതായി സംശയിക്കുന്നുണ്ട്. ഇത്തരം ഓഫിസുകളിൽനിന്ന് അനധികൃതമായി ലഭിക്കേണ്ട സൗകര്യങ്ങൾ പലർക്കും നേടിക്കൊടുക്കലായിരുന്നു പ്രധാന പണിയെന്നാണ് വിവരം. ഇതിന് പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ വാങ്ങിയിരുന്നു. ശ്രീഭൂതപുരം മൈനർ ഇറിഗേഷൻെറ പൈപ്പ് കടന്നുപോയിരുന്ന സ്വകാര്യഭൂമി ഭൂമാഫിയ വാങ്ങിയപ്പോൾ പൈപ്പ് മാറ്റാൻ ബന്ധപ്പെട്ടത് അബുവിനെയായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥന് കൈക്കൂലി കൊടുക്കാനെന്ന് പറഞ്ഞ് ഭൂമി വാങ്ങിയയാളിൽനിന്ന് അരലക്ഷം രൂപ ഈടാക്കി. എന്നാൽ, കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്‌ഥനോട് കോൺഗ്രസ് ജനപ്രതിനിധിക്ക് താൽപര്യമുള്ള സ്‌ഥലമായതിനാൽ പൈപ്പ് മാറ്റി ഇടണമെന്ന് അഭ്യർഥിച്ച് പൈപ്പ് മാറ്റിക്കുകയായിരുന്നു. കൈക്കൂലി പണം അബു കൈക്കലാക്കി. എന്നാൽ, കൈക്കൂലി സംഭവം നാട്ടിൽ പാട്ടായതോടെ ഉദ്യോഗസ്‌ഥൻ പൊലീസിൽ പരാതി നൽകി. പൊലീസ് സംഭവം തെളിയിക്കുകയും ചെയ്തു. എല്ലാവിധ നിയമവിരുദ്ധ ഇടപാടുകളും കണക്കുപറഞ്ഞ് പണം വാങ്ങി നടത്തിക്കൊടുക്കലായിരുന്നു ഇയാളുടെ പണി. ഇതിൽ ഉദ്യോഗസ്‌ഥർക്കുപുറമെ പാർട്ടി നേതാക്കൾക്കും പങ്കുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. അബുവിനെ പിടികൂടിയതുമുതൽ കോൺഗ്രസിൻെറ പല പ്രാദേശിക നേതാക്കളും പരക്കം പാച്ചിലിലാണ്. റിയൽ എസ്‌റ്റേറ്റ് ഇടപാടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.