തീരസംരക്ഷണസേനക്ക്​ പുതിയ നിരീക്ഷണ കപ്പൽ കപ്പൽ സി-441 കമീഷൻ ചെയ്തു

വിഴിഞ്ഞം: തീരസംരക്ഷണസേനക്ക് പുതുതായി ലഭിച്ച നിരീക്ഷണ കപ്പൽ സി-441 ചീഫ് സെക്രട്ടറി ടോം ജോസ് കമീഷൻ ചെയ്തു. ബുധനാഴ് ച രാവിലെ 9.30ന് വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിൽ തീരസംരക്ഷണസേനയുടെ പശ്ചിമമേഖല കമാൻഡർ ഇൻസ്‌പെക്ടർ ജനറൽ വിജയ് ഡി. ചഫീക്കർ അധ്യക്ഷതവഹിച്ചു. കേരള, മാഹി മേഖല ഡി.െഎ.ജി സനാതൻ ജാന, വിഴിഞ്ഞം സ്റ്റേഷൻ ഒാഫിസർ കമാൻഡൻറ് വർഗീസ്, ഡെപ്യൂട്ടി കമാൻഡൻറ് ജോർജ് ബേബി എന്നിവർ പങ്കെടുത്തു. സൂറത്തിലെ എൽ ആൻഡ് ടി ലിമിറ്റഡ് തദ്ദേശീയമായി നിർമിച്ച ഇൻറർസെപ്റ്റർ ബോട്ട് വിഭാഗത്തിൽപെട്ട ഏഴാമത്തെ കപ്പലായ സി-441 ഇൻഫ്രാറെഡ് നിരീക്ഷണ കാമറകളും മികച്ച വാർത്താവിനിമയ സംവിധാനത്തോടും കൂടിയതാണ്. കടൽ സഞ്ചാരത്തിനായുള്ള അത്യാധുനിക സൗകര്യങ്ങളും കപ്പലിലുണ്ട്. സുരക്ഷക്കായി ലെറ്റ്, മീഡിയം, ഹെവി വിഭാഗങ്ങളിലെ ഒാട്ടോമാറ്റിക് മെഷീൺ ഗണ്ണും കപ്പലിനുണ്ട്. 27.8 മീറ്റർ നീളവും 106 ടൺ ഭാരശേഷിയുമുള്ള കപ്പലിന് പരമാവധി വേഗം 45 നോട്ടിക്കൽ മൈലാണ്. രണ്ട് ഡീസൽ എൻജിനും രണ്ട് വാട്ടർ ജെറ്റ് പ്രൊപ്പൽഷനോടും കൂടിയ കപ്പലിന് കടലിൽ ആഴം കുറഞ്ഞതും കൂടിയതുമായ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയും. അസിസ്റ്റൻറ് കമാൻഡൻറ് അമിത് കെ. ചൗധരിയുടെ നേതൃത്വത്തിൽ 13 സേനാംഗങ്ങളാണ് കപ്പലിലുള്ളത്. കേരള തീരമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കപ്പലിൻെറ നിയന്ത്രണം കേരള-മാഹി കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് കമാൻഡർമാർക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.