തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയിൽ കരുതണമെന്ന് ജില്ല വരണാധികാരിയായ കലക്ടർ ഡോ. കെ. വാസുകി അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 ഇനം തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണെന്നും കലക്ടർ അറിയിച്ചു. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്, പാൻ കാർഡ്, ദേശീയ ജനസംഖ്യ രജിസ്റ്റർ പ്രകാരം നൽകിയിട്ടുള്ള സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ, എം.പി, എം.എൽ.എ, എം.സി.സിമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും രേഖ കൈവശമുണ്ടെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കുമെന്നും കലക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് ബൈക്ക് റാലി തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. മാനവീയം വീഥിയിൽനിന്ന് ശംഖുംമുഖം കടപ്പുറത്തേക്ക് നടന്ന റാലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീകാറാം മീണ ഫ്ലാഗ്ഓഫ് ചെയ്തു. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻെറ (സ്വീപ്) ഭാഗമായാണ് യുവാക്കളെ പങ്കെടുപ്പിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചത്. നൂറുകണക്കിന് യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.