തിരുവനന്തപുരത്ത്​ ഉഴപ്പാനാണെങ്കിൽ പാർട്ടിയിലുണ്ടാവി​ല്ലെന്ന്​​ കോൺഗ്രസ്​ നേതൃത്വം പാർട്ടി നിരീക്ഷകൻ നാനാ പട്ടോല തലസ്ഥാനത്തെത്തി

തിരുവനന്തപുരം: തിരുവനന്തപുരെത്ത പ്രചാരണ പ്രവർത്തനങ്ങളിൽ ഉഴപ്പുന്നവർ പാർട്ടിയിലുണ്ടാവില്ലെന്ന് കോൺഗ്രസ് നേതൃത്വം. മണ്ഡലത്തിലെ ബൂത്തുതലം മുതലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താതിരുന്നാൽ ജില്ലയിൽനിന്നുള്ള നേതാക്കൾ പിന്നീട് പാർട്ടിയിൽ ഉണ്ടാവില്ലെന്നു നേതാക്കൾ കർശന താക്കീതു നൽകി. പ്രവർത്തനങ്ങളിലെ വീഴ്ചകളെ കുറിച്ചുള്ള ആക്ഷേപം പുറത്തുവന്നതിനെ തുടർന്ന് ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻെറയും അധ്യക്ഷതയിലായിരുന്നു യോഗം. പ്രചാരണ പ്രവർത്തനത്തിൻെറ നിരീക്ഷകനായി നിയമിച്ച നാനാ പട്ടോല വൈകീട്ട് തലസ്ഥാനത്തെത്തി. അദ്ദേഹം കൃത്യമായ ഇടവേളകളിൽ ഹൈകമാൻഡിന് റിപ്പോർട്ട് നൽകും. മണ്ഡലത്തിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രചാരണത്തിലെ നിസ്സഹകരണം സംബന്ധിച്ച് ശശി തരൂർ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് മുകുൾ വാസ്നിക് മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിൻെറ പ്രചാരണത്തിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല. ഉയർന്ന ആക്ഷേപങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണ്. പ്രചാരണ പ്രവർത്തനങ്ങൾ തൃപ്തികരം. യു.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രചാരണരംഗത്തുണ്ട്. ഒരു പ്രത്യേക നിരീക്ഷകനെ കൂടി ചുമതലപ്പെടുത്തിയതിൽ പുതുമയൊന്നും ഇല്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനാണ് അതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മതേതര ജനാധിപത്യ മനസ്സുള്ളവരാണ് തിരുവനന്തപുരത്തെ വോട്ടർമാർ. കോൺഗ്രസിേൻറത് മികച്ച സ്ഥാനാർഥിയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ തിരുവനന്തപുരം മണ്ഡലത്തിൻെറ മുഴുവൻ പ്രചാരണ ചുമതലയുള്ള വി.എസ്. ശിവകുമാർ, തമ്പാനൂർ രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എ.ടി. ജോർജ്, വിജയൻ തോമസ്, ആർ. ശെൽവരാജ്, എം.എ. വാഹിദ് അടക്കമുള്ളവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.