കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രസാധകനുമായ കെ.പി. കുഞ്ഞിമ്മൂസ (80) അന്തരിച്ചു. പന്നി യങ്കരയിലെ 'മൈത്രി'യിൽ ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു അന്ത്യം. വിദ്യാർഥിയായിരിക്കെ രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തന രംഗത്തും സജീവമായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചു. 1942 ജനുവരി ഒന്നിന് തലശ്ശേരിക്കടുത്ത് പുന്നോലിലാണ് ജനനം. മടപ്പള്ളി ഗവ. കോളജ്, ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനകാലത്തുതന്നെ എഴുത്തിലും പ്രഭാഷണത്തിലും സജീവമായി. ചന്ദ്രിക ദിനപത്രത്തിലും ലീഗ് ടൈംസിലും മാധ്യമ പ്രവർത്തകനായി. അടിയന്തരാവസ്ഥക്കാലത്ത് 'ആവനാഴി' എന്ന പേരിൽ വാരിക നടത്തി. മുസ്ലിം ലീഗും പോഷക സംഘടനകളുമായി ആദ്യകാലം മുതലേ ബന്ധപ്പെട്ട അദ്ദേഹം എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ തുടങ്ങിയ പദവികളും വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ്, കേരള പ്രസ് അക്കാദമി എക്സിക്യൂട്ടിവ് അംഗം, കേരള സീനിയർ ജേണലിസ്റ്റ്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് അംഗം തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചു. ഇൗത്തപ്പഴത്തിൻെറ നാട്ടിലൂടെ, ഓർമയുടെ ഓളങ്ങളിൽ, വഴികാട്ടികൾ തുടങ്ങിയവയാണ് ഗ്രന്ഥങ്ങൾ. മിഡിൽ ഈസ്റ്റ് ഫ്രണ്ട്ഷിപ് അവാർഡ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് പന്നിയങ്കര ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ. പിതാവ്: പരേതനായ മമ്മു. മാതാവ്: കെ.പി. കുഞ്ഞിപ്പാത്തു. ഭാര്യ: കതിരൂർ വി.എം. ഫൗസിയ. മക്കൾ: വി.എം. ഷെമി, ഷെജി, ഷെസ്ന. മരുമക്കൾ: പി.എം. ഫിറോസ്, നൗഫൽ (ദുബൈ), ഷഹ്സാദ് (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.