ആറ്റിങ്ങല്‍: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതിവരുത്തി അയിലം പാലം ജനുവരി 10ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് അയിലം ഇണ്ടളയപ്പന്‍ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിർവഹിക്കും. അയിലം ഗണപതിയാംകോണം ഭാഗങ്ങളില്‍നിന്നായി ഘേഷയാത്രയോടെ എത്തി പാലത്തിെൻറ മധ്യഭാഗത്തുവെച്ച് നാട മുറിച്ച് പാലം നാടിന് സമര്‍പ്പിക്കും. ജനുവരി രണ്ടിന് വൈകീട്ട് നാലിന് ക്ഷേത്ര ഒാഡിറ്റോറിയത്തിൽ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘം രൂപവത്കരണയോഗം ചേരും. അയിലം കടവില്‍ വാമനപുരം നദിക്ക് കുറുകെ പാലം വേണമെന്നുള്ളത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. 2011-12ല്‍ തറക്കല്ലിട്ടെങ്കിലും പണി അനന്തമായി നീണ്ടു. 6.10 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. നിരവധി തടസ്സങ്ങള്‍ നിർമാണഘട്ടത്തില്‍ ഉണ്ടായിരുന്നു. കരാര്‍ എടുത്തയാള്‍ കേസിന് പോയതുതന്നെ വര്‍ഷങ്ങളോളം പണി മുടങ്ങാന്‍ കാരണമായി. ഭൂമി ഏറ്റെടുക്കലും ഏറെ തര്‍ക്കങ്ങള്‍ക്കിടയാക്കി. ഭൂമി ഏറ്റെടുത്തപ്പോള്‍ വസ്തു ഉടമകള്‍ കേസിന് പോയി. ഇതെല്ലാം പരിഹരിച്ചാണ് നിർമാണകരാര്‍ നല്‍കിയത്. പലതവണ കാലാവധി നീട്ടി. അനുബന്ധ റോഡ് വികസനവും സമാന അവസ്ഥയിലായിരുന്നു. ആവശ്യാനുസരണം മണ്ണ് കിട്ടാത്തതും അപ്രോച്ച് റോഡ് നിർമാണം വര്‍ഷങ്ങളോളം മുടങ്ങുന്നതിന് കാരണമായി. 32 അടി പൊക്കവും 75 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുള്ളതാണ് പാലം. 540 മീറ്റര്‍ നീളത്തിൽ റോഡും അനുബന്ധമായി നിർമിച്ചു. റോഡിെൻറ ടാറിങ് ജോലികളാണ് അവസാനം വൈകിയത്. ഇതും പൂര്‍ത്തിയാക്കി. സംരക്ഷണഭിത്തികള്‍ കയര്‍ ഭൂവസ്ത്രം കൊണ്ട് പൊതിഞ്ഞു. ദേശീയപാതയെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പാത ആറ്റിങ്ങലില്‍നിന്ന് കൊടുവഴന്നൂര്‍, കാരേറ്റ് ഭാഗങ്ങളിലേക്കുള്ള യാത്രക്ക് അഞ്ചു കിലോമീറ്റര്‍ ലാഭം നല്‍കും. നിലവില്‍ ഈ ഭാഗത്തേക്ക് പോകാന്‍ ആലംകോട്-നഗരൂര്‍ വഴി ചുറ്റി സഞ്ചരിക്കണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.