വലിയതുറ: ഓഖിയെടുത്ത ജീവനുകളുടെ നിത്യശാന്തിക്കായി ഉറ്റവർ പ്രാര്‍ഥനയോടെ ഒത്തുചേര്‍ന്നു. വലിയതുറ സെൻറ് ആൻറണീസ് ഫെറോന ദേവാലയത്തിലും പൂന്തുറ സെൻറ് തോമസ് പള്ളിയിലും നടന്ന പ്രാർഥനയിൽ നൂറുകണക്കിന് വിശ്വാസികളും കടലില്‍ കാണാതായവരുടെ ബന്ധുക്കളും പങ്കെടുത്തു. വലിയതുറ സെൻറ് ആൻറണീസ് ഫെറോന ദേവാലയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ഥനക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് എം. സൂസപാക്യം നേതൃത്വം നൽകി. മരിച്ചവരോടുള്ള സ്‌നേഹമാണ് നമ്മെ അവരിലേക്ക് അടുപ്പിക്കുന്നത്. നമ്മുടെ ദൗര്‍ബല്യങ്ങളും അവശതയും തിരിച്ചറിയാന്‍ ഓഖി സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്ന ഓഖി കുടുംബങ്ങളെ സഹായിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയതുറയില്‍നിന്ന് ഏഴുപേരെയാണ് ഓഖി കവര്‍ന്നെടുത്തത്. അവരുടെ ചിത്രങ്ങള്‍ക്കുമുന്നില്‍ മെഴുകുതിരി തെളിച്ച് ഉറ്റവർ പ്രാര്‍ഥിച്ചു. വലിയതുറ ഇടവക വികാരി മെല്‍ക്കണ്‍ പ്രാര്‍ഥന ചൊല്ലി. വികാരിമാരായ നിക്കോളാസ്, ഹാംലെറ്റ്, ജോസ്.ജെ, പോള്‍സണ്ണി, ഷാജി, സുധീഷ്, ബോസ്‌കോ, ഷൈനീഷ് എന്നിവര്‍ പങ്കെടുത്തു. പൂന്തുറ സെൻറ് തോമസ് പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനക്ക് ശേഷം ഇടവക അംഗങ്ങൾ പള്ളി വികാരിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ച് കടലിൽ പ്രത്യേകം തയാറാക്കിയിരുന്ന വേദിയിലേക്ക് നീങ്ങി. തുടർന്ന്, അതിരൂപത സഹായമെത്രാൻ ഡോ. റവ.ഫാദർ ക്രിസ്തുദാസ് ഓഖി അനുസ്മരണ പ്രഭാഷണം നടത്തി. സ്വന്തം ജീവൻ നഷ്ടപ്പെടുത്തി അപരനെ രക്ഷപ്പെടുത്തുകയെന്ന ക്രിസ്തു വചനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത് അഭിമാനകരമാെണന്നും ഓഖിയിൽ രക്ഷാകർത്താക്കൾ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ കുട്ടികളെ സംരക്ഷിക്കുകയെന്നത് ഓരോ ഇടവകയുടെയും ചുമതലയാണെന്നും സഹായമെത്രാൻ പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ, ഇടവക വികാരി റവ. ഫാദർ ബെബിൻസൺ എന്നിവർ പങ്കെടുത്തു. പൂന്തുറയിൽനിന്ന് മാത്രം ഓഖിയിൽ മരിച്ചത് 15 പേരും കാണാതായവർ 20 പേരുമാണ്. മരിച്ചവരുടെ ഓര്‍മകൾക്കായി ആകാശത്തേക്ക് ബലൂണ്‍ വിളക്കുകളും തെളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.