തിരുവനന്തപുരം: പൊട്ടിപ്പൊളിഞ്ഞ മുട്ടട-പരുത്തിപ്പാറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആശ്യപ്പെട്ട് നാട്ടുകാർ എം.സി റോഡ് ഉപരോധിച്ചു. എം.എൽ.എതന്നെ നേരത്തേ സമരരംഗത്ത് ഇറങ്ങിയിട്ടും പ്രശ്നപരിഹാരം കാണാത്ത വകുപ്പുകളുടെ അലംഭാവത്തിനെതിരെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. കെ. മുരളീധരൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി. റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ എം.എൽ.എയുടെ നേതൃത്വത്തിൽ മുട്ടട- പരുത്തിപ്പാറ റോഡ് ഉപരോധിച്ചിരുന്നു. ഈ സമരം ഫലം കാണാതെ വന്നതോടെയാണ് വെള്ളിയാഴ്ച എം.സി റോഡ് ഉപരോധിച്ചത്. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുമണിക്കൂറോളം റോഡ് ഉപരോധിച്ച എം.എൽ.എയെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ.ആർ. ക്യാമ്പിലെത്തിച്ച ശേഷം ഇവരെ വിട്ടയച്ചു. അസി. കമീഷണർ ഷീൻ തറയിലിെൻറ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മന്ത്രി മന്ദിരത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും -കെ. മുരളീധരൻ തിരുവനന്തപുരം: മുട്ടട- പരുത്തിപ്പാറ റോഡ് അടിയന്തരമായി ടാർചെയ്ത് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പൊതുമരാമത്ത് മന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ. മുരളീധരൻ എം.എൽ.എ. റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സി.പി.എം നടത്തുന്ന കള്ളക്കളിയാണ് പണി ഇഴയാൻ കാരണം. വാട്ടർ അതോറിറ്റിയെയും പി.ഡബ്ല്യു.ഡിയെയും ഇവർ കരുവാക്കുകയാണ്. ആദ്യം ടെൻഡർ എടുത്ത കരാറുകാരൻ അത് ഉപേക്ഷിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിന് എന്താണ് കാരണമെന്നറിയില്ല. കരാറുകാരെൻറ നടപടി നിയമവിരുദ്ധമാണെങ്കിൽ എന്തുകൊണ്ട് അയാളെ കരിമ്പട്ടികയിൽ പെടുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു. റീടെൻഡർ വിളിച്ചെന്നും തിങ്കളാഴ്ച ടെൻഡർ ഓപൺചെയ്‌തെന്നുമാണ് ഒടുവിൽ ഉദ്യോഗസ്ഥർ പറയുന്ന മറുപടി. പണി നീണ്ടുപോകുന്നത് തടയാൻ നിരവധിതവണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും ബോധംപൂർവം ചിലർ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ഡി. സുദർശനൻ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ പേട്ട ഡി. അനിൽകുമാർ, അനിത, സിനി, സ്റ്റെഫി ജോർജ് യു.ഡി.എഫ് നേതാക്കളായ ശാസ്തമംഗലം മോഹൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.